കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മണിയെ ആക്രമിച്ചയാളെ കണ്ടെത്തി. മലപ്പുറം ബേപ്പൂര്‍ സ്വദേശി മോഹന്‍ ദാസാണ് ആക്രമണം നടത്തിയത്. മത്സ്യത്തൊഴിലാളിയാണ് ഇയാള്‍. ആക്രമണത്തില്‍ ഇയാള്‍ക്കും നേരിയ പരുക്കേറ്റിട്ടുണ്ട്. വെള്ളയില്‍ പോലീസാണ് മോഹന്‍ ദാസിനെ കണ്ടെത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു എന്നും കസ്റ്റഡിയില്‍ എടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ടാണ് ആക്രമണമുണ്ടായത്. കോഴിക്കോട് ബീച്ചില്‍ വെച്ച് മദ്യലഹരിയിലായിരുന്ന ഒരാള്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് ബിന്ദു അമ്മിണി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ വെള്ളയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മര്‍ദന ദൃശ്യങ്ങള്‍ ബിന്ദു അമ്മിണി തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. തന്നെ മര്‍ദിച്ചയാളെ ബിന്ദു തിരിച്ചും മര്‍ദിക്കുന്നത് ദൃശ്യങ്ങള്‍ കാണാം.
സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു ബിന്ദു അമ്മിണി. ഈ സമയത്താണ് അക്രമമുണ്ടാകുന്നത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരസ്പരമുള്ള ആക്രമണത്തിലേക്കെത്തിയത്. കണ്ടാലറിയാവുന്ന ഒരു സംഘമാളുകള്‍തന്നെ അപമാനിക്കുകയും അതിലൊരാള്‍ ആക്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. പൊതുസ്ഥലത്തെ അടിപിടി, സ്ത്രീകള്‍ക്കുനേരായ അതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വെള്ളയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
അതിനിടെ തനിക്കെതിരെ തുടര്‍ച്ചയായി നടക്കുന്ന അക്രമണങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് കേരളം വിടുകയാണെന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു. ‘ഈ അനീതിക്കെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ പ്രതിക്ഷേധം ഞാന്‍ രേഖപ്പെടുത്തുന്നു. സുപ്രിം കോടതി ഉത്തരവ് ഉണ്ടായിട്ടും എന്റെ ജീവന്‍ അക്രമികള്‍ക്ക് എറിഞ്ഞു കൊടുക്കുന്ന ഭരണകൂടത്തോട് കേരളം വിട്ടുകൊണ്ട് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു’.
നടന്നത് ആസൂത്രിതമായ അക്രമമാണെന്ന് വിശ്വസിക്കുന്നില്ലെന്നും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ ആഹ്വാനം ചെയ്ത നടപടിയുടെ ഫലമാണിതെന്നും ബിന്ദു അമ്മിണി പറഞ്ഞു. കേരള പൊലീസിന്റെ പിടിപ്പുകേടാണുണ്ടായതെന്നും ഏതുസമയവും താന്‍ ഇനിയും ആക്രമിക്കപ്പെട്ടേക്കാം എന്നും ബിന്ദു അമ്മിണി പറഞ്ഞു. ബിന്ദുവിന്റെ മുഖത്തും കൈകളിലും പരുക്കേറ്റിട്ടുണ്ട്.
ആക്രമണത്തില്‍ പ്രതികരിച്ച് കെകെ രമ എംഎല്‍എ രംഗത്തെത്തിയിരുന്നു. ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും പിടിപ്പുകേടുകൊണ്ടാണ് ബിന്ദു അമ്മിണി ആക്രമിക്കപ്പെടുന്നതെന്ന് കെകെ രമ പ്രതികരിച്ചു. ബിന്ദു അമ്മിണിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സര്‍ക്കാര്‍ തന്നെയാണ് ഉത്തരവാദിയെന്നും ജനാധിപത്യബോധ്യമുള്ള മുഴുവന്‍ മനുഷ്യരും ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരണമെന്നും കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/bindhu.ammini/videos/251479970402253/