പാലക്കാട്: കുളിമുറിക്കുള്ളില്‍ ഉറുമ്പരിച്ച് അവശയായ നിലയില്‍ കണ്ടെത്തിയ 80 വയസുകാരിക്ക് രക്ഷകരായെത്തി പോലീസ്. മകനാണ് അമ്മയെ കുളിമുറിയില്‍ പൂട്ടിയിട്ട് പോയത്. അവശയായി അമ്മ നിലവിളിച്ചിട്ടും തൊട്ടടുത്തുള്ള അയല്‍ക്കാര്‍ പോലും തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്നാണ് പോലീസ് എത്തി ഭക്ഷണം നല്‍കി ആശുപത്രിയിലേക്കു മാറ്റിയത്. പാലക്കാടാണ് സംഭവമുണ്ടായത്. സംഭവത്തില്‍ മകനും മരുമകള്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
കല്ലേപ്പുള്ളി തെക്കുമുറി എടക്കാട്ടെ ലൈന്‍ ഷെഡില്‍ താമസിക്കുന്ന വയോധികയ്ക്കാണ് ദുരവസ്ഥ നേരിടേണ്ടി വന്നത്. പഴനിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനായാണ് മകനും മരുമകളും മുറിയില്‍ നിന്ന് ഇടുങ്ങിയ കുളിമുറിയിലേക്കു അമ്മയെ മാറ്റിക്കിടത്തിയത്. ഭക്ഷണം പാത്രത്തിലാക്കി കുളിമുറിയില്‍ വച്ചിരുന്നു. വെയിലിനു ചൂടേറിയതോടെ അവശത വര്‍ധിച്ച വയോധിക നിലവിളിച്ചെങ്കിലും ആരും സഹായിച്ചില്ല.
വിവരം അറിഞ്ഞ ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസിന്റെ നിര്‍ദേശമനുസരിച്ചു കസബ പോലീസ് സ്ഥലത്തെത്തി ഷെഡിന്റെ പൂട്ടുപൊളിച്ച് അമ്മയെ മാറ്റിക്കിടത്തി. ഭക്ഷണവും നല്‍കി. പിന്നീടു മലമ്പുഴ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി.കെ. സുനില്‍കൃഷ്ണന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
തമിഴ്‌നാട് സ്വദേശികളായ ഇവര്‍ ഒരു വര്‍ഷം മുന്‍പാണ് ഇവിടേക്കു താമസത്തിനെത്തിയത്. രണ്ടു ആണ്‍മക്കളും ഒരു മകളുമുണ്ട്. ആണ്‍മക്കള്‍ കൂലിപ്പണിക്കാരാണ്. മുന്‍പും അമ്മയെ മക്കള്‍ കുളിമുറിയില്‍ അടച്ചിട്ടിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. തമിഴ്‌നാട്ടിലേക്കു പോയ മകനോടും മരുമകളോടും രാത്രിതന്നെ തിരിച്ചെത്താന്‍ പോലീസ് നിര്‍ദേശിച്ചു. മുതിര്‍ന്ന പൗരന്‍മാര്‍ക്കെതിരെയുള്ള അതിക്രമ നിരോധന നിയമ പ്രകാരമാണു കേസ്.