KeralaNews

‘സത്യപ്രതിജ്ഞാ ചടങ്ങിലെ മാനദണ്ഡങ്ങള്‍ അതേപടി അനുസരിക്കാം, വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണം’; പോലീസിന് തലവേദനയായി അപേക്ഷകള്‍

ചിറയിന്‍കീഴ്: ഇരുപത് പേരില്‍ കൂടുതല്‍ പങ്കെടുത്താല്‍ വധൂവരന്മാര്‍ ഉള്‍പ്പടെ അകത്ത് എന്ന് പോലീസ് നിര്‍ദേശം വെച്ചിട്ട് അധിക നാളുകളായില്ല, അതിന് മുന്നേ തന്നെ വിവാഹത്തിന് 500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി തേടി അപേക്ഷ.

അഴൂര്‍ ഗ്രാമപഞ്ചായത്തംഗം കൂടിയായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മുട്ടപ്പലം സജിത്താണ് ചിറയിന്‍കീഴ് എസ്ഐ നൗഫലിന്റെ അടുത്ത് അപേക്ഷയുമായി എത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ അനുവദിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ അതേപടി പാലിച്ച് വിവാഹച്ചടങ്ങുകള്‍ നടത്താമെന്ന സത്യപ്രതിജ്ഞയും സജിത്ത് ഹാജരാക്കിയിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തേക്കാള്‍ വലിപ്പവും വിസ്തീര്‍ണവുമുള്ള ശാര്‍ക്കര ക്ഷേത്രമാണ് വിവാഹവേദി.

ജൂണ്‍ 15നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. കൊറോണയുമായി ബന്ധപ്പെട്ടുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ണമായി പാലിക്കുമെന്നും മന്ത്രിമാര്‍ക്കുള്ള അവകാശങ്ങള്‍ ഗ്രാമപഞ്ചായത്തംഗവും ജനപ്രതിനിധിയുമായ തനിക്കുമുണ്ടെന്നുമാണ് സജിത്ത് പറയുന്നത്.

അപേക്ഷയില്‍ ഉന്നത അധികൃതരുമായി അലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നാണ് എസ്ഐയുടെ നിലപാട്. യുത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിനോയ് എസ് ചന്ദ്രന്‍, യുത്ത് കോണ്‍ഗ്രസ് മുട്ടപ്പലം യൂണിറ്റ് കണ്‍വീനര്‍ പ്രേംസിത്താര്‍ എന്നിവരോടൊപ്പം എത്തിയാണ് സജിത്ത് അപേക്ഷ സമര്‍പ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button