24.6 C
Kottayam
Sunday, May 19, 2024

പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന് സഹോദരനെതിരേ കള്ളക്കേസ്; കൊച്ചിയില്‍ എസ്.ഐ കുരുക്കില്‍

Must read

കൊച്ചി: പ്രണയംനടിച്ച് പെണ്‍കുട്ടിയെയും സഹോദരിയെയും തട്ടിക്കൊണ്ടുപോയ കാമുകനെയും സുഹൃത്തിനെയും രക്ഷിക്കാന്‍ കൊച്ചിയിലെ പോലീസുകാരന്റെ കണ്ണില്‍ച്ചോരയില്ലാത്ത ക്രൂരത. ഡല്‍ഹിയില്‍ നിന്നെത്തി കൊച്ചിയില്‍ സ്ഥിരതാമസമാക്കിയ ദമ്പതികള്‍ക്കെതിരേയാണു കൊടുംക്രൂരത. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എഎസ്ഐയ്‌ക്കെതിരേയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇയാള്‍ക്കെതിരേ ഉദ്യോഗസ്ഥ തലത്തില്‍ നടപടി ഉണ്ടായേക്കും. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ അന്വേഷിച്ച മുഴുവന്‍ കേസുകളും അന്വേഷണ വിധേയമാക്കാന്‍ ഉന്നതല നിര്‍ദേശം. സംസ്ഥാന ഇന്റലിജന്‍സും സ്പെഷല്‍ ബ്രാഞ്ചും ഇതിനുള്ള നീക്കം തുടങ്ങിയതായി അറിയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി എറണാകുളം പച്ചാളത്ത് താമസിക്കുന്ന ഡല്‍ഹി സ്വദേശികളുടെ രണ്ടു പെണ്‍മക്കള്‍ നാടുവിട്ടത് ഓഗസ്റ്റ് മാസത്തിലായിരുന്നു. 35,000 രൂപയുമായിട്ടായിരുന്നു പെണ്‍കുട്ടികള്‍ പോയത്. മാതാപിതാക്കള്‍ ഉടന്‍ തന്നെ എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഇരുവരും തീവണ്ടിയില്‍ ഡല്‍ഹിക്കു പോയിട്ടുണ്ടെന്നും മാതാപിതാക്കള്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി അന്വേഷിക്കാനുമായിരുന്നു പോലീസിന്റെ ആദ്യ നിര്‍ദേശം. ഡല്‍ഹി, ഹരിയാന പോലീസിന്റെ സഹായത്തോടെ മാതാപിതാക്കള്‍ പലയിടത്തും കയറിയിറങ്ങി. അപ്പോഴും കൊച്ചി സിറ്റി പോലീസ് ഫോണ്‍ ലൊക്കേഷന്‍ എടുത്തു നല്‍കുക മാത്രമാണ് ചെയ്തത്.

മാതാപിതാക്കളുടെ നിസഹായാവസ്ഥ തിരിച്ചറിഞ്ഞ ഡല്‍ഹി പോലീസ് നോര്‍ത്ത് പോലീസിനോട് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോലീസിനു വേണ്ടിയുള്ള വിമാനടിക്കറ്റും താമസവും അടക്കമുള്ള എല്ലാ ചെലവും മാതാപിതാക്കളാണ് വഹിച്ചത്. ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി സ്വദേശികളായ ഫൈസാനിന്റെയും സുബൈറിന്റെയും ഒപ്പം പെണ്‍കുട്ടികളെ കണ്ടെത്തി. ഇവര്‍ മൂത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തിയിരുന്നു.

കുട്ടികള്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ ഡല്‍ഹി പോലീസ് നിര്‍ദേശിച്ചു. രണ്ടു പ്രതികളില്‍ സുബൈറിനെ മാത്രം കസ്റ്റഡിയിലെടുത്ത് പെണ്‍കുട്ടികളുമായി എറണാകുളം നോര്‍ത്ത് പോലീസ് കൊച്ചിക്കു പോന്നു. എന്നാല്‍ മക്കളെ വിട്ടുനല്‍കാന്‍ പോലീസ് തയാറായില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. പെണ്‍കുട്ടിയെ സുബൈറിന് വിവാഹം കഴിപ്പിച്ചു കൊടുക്കണമെന്ന് ആരോപണ വിധേയനായ എഎസ്ഐ ആവശ്യപ്പെട്ടതായി പറയുന്നു. ഇത് മാതാപിതാക്കള്‍ എതിര്‍ത്തതോടെ പെണ്‍മക്കളെ വിട്ടു കിട്ടാന്‍ അഞ്ചു ലക്ഷം രൂപ കൊടുക്കണമെന്ന് ഈ എഎസ്ഐ ആവശ്യപ്പെട്ടതായി പറയുന്നു.

മാതാപിതാക്കള്‍ അതും നിരസിച്ചതോടെ ഇനി ഇവരുടെ അഞ്ചു മക്കളെയും കാണില്ലെന്ന് എഎസ്ഐ വെല്ലുവിളിച്ചതായും മാതാപിതാക്കള്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സഹോദരനെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. ഹിന്ദി മാത്രം അറിയാവുന്ന ഇവര്‍ സഹോദരിമാരെ പീഡിപ്പിച്ചെന്ന കുറ്റം മലയാളത്തില്‍ എഴുതി ഒപ്പിടുവിച്ചുവെന്ന് മാതാപിതാക്കള്‍ പറയുന്നു.

രണ്ടു പെണ്‍മക്കളെയും ചില്‍ഡ്രന്‍സ് ഹോമില്‍ ആക്കിയിരിക്കുകയാണ്. എട്ടാംക്ലാസില്‍ പഠിക്കുന്ന ഇളയസഹോദരന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നു പറഞ്ഞ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാനസിക പീഡിപ്പിച്ചതായും മാതാപിതാക്കള്‍ ആരോപിക്കുന്നു.

കുറ്റാന്വേഷണ മികവിനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതി അടുത്തിടെ ലഭിച്ചയാളാണ് ആരോപണ വിധേയനായ എഎസ്ഐ. വര്‍ഷങ്ങളായി ഇദ്ദേഹം കേസ് അന്വേഷണ സ്‌ക്വാഡിലാണ് പ്രവര്‍ത്തിക്കുന്നത്. മേല്‍ ഉദ്യോഗസ്ഥരുടെ വഴിവിട്ട ശുപാര്‍ശയുടെ ഭാഗമായിട്ടാണ് ഇദ്ദേഹത്തിന് ബഹുമതി ലഭിച്ചതെന്നും ആക്ഷേപമുണ്ട്. പല വലിയ കേസുകളുടെ മേല്‍നോട്ട ചുമതല വഹിക്കുന്ന സംഘത്തില്‍ ഇദ്ദേഹമായിരുന്നു പ്രധാനിയെന്ന് അറിയുന്നു.

സ്റ്റേഷനിലെത്തുന്ന വലിയ പരാതികളില്‍ പരാതിക്കാരില്‍ നിന്ന് പണം പറ്റി മേല്‍ ഉദ്യോഗസ്ഥരെക്കൊണ്ട് അനുകൂല നടപടി ഇദ്ദേഹം ഉണ്ടാക്കിയിരുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ഇദ്ദേഹത്തിന് അടുപ്പമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു മോന്‍സന്റെ വീട്. മോന്‍സന് വേണ്ട സഹായവും ഒത്താശയുമൊക്കെ ആരോപണവിധേയനായ എഎസ്ഐ ചെയ്തു കൊടുത്തിരുന്നതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ ഉടന്‍ത്തന്നെ വകുപ്പ് തല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week