മലപ്പുറം: വളാഞ്ചേരിയില്‍ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. സുബീറയുടെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച പ്രതി അന്‍വറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് നല്‍കിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
സുബീറയുടെ മൊബൈല്‍ ഫോണ്‍ കുഴല്‍കിണറില്‍ എറിഞ്ഞതായാണ് പ്രതി നല്‍കിയ മൊഴി. ഈ മൊബൈലിലേക്ക് സുബീറയുടെ ബന്ധുക്കളും ക്ലിനിക്കില്‍ നിന്നും വിളിച്ചപ്പോള്‍ ആദ്യം ബെല്ലടിക്കുകയും പിന്നീട് ഫോണ്‍ ഓഫാകുകയുമായിരുന്നു.
കൊലപാതകത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന നാട്ടുകാരുടെ സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പൊലീസിനും ആക്ഷന്‍ കമ്മറ്റിക്കുമൊപ്പം ആദ്യഘട്ടം മുതല്‍ കൂടെയുണ്ടായിരുന്ന അന്‍വര്‍ ചില സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനെ കാര്യമായി എതിര്‍ത്തതോടെയാണ് അന്വേഷണസംഘം ഇയാളെ നിരീക്ഷണത്തിലാക്കിയത്.
പിന്നീട് പലതവണ നടന്ന ചോദ്യം ചെയ്യലുകളില്‍ സഹകരിക്കാതിരുന്നെങ്കിലും ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സുബീറയുടെ സ്വര്‍ണം കൈക്കലാക്കുന്നതിനായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി.