വീട്ടില്‍ വഴക്കുപറഞ്ഞു; നാടുവിടാനിറങ്ങി 15 കാരൻ, ഒപ്പം കൂടി രണ്ട് സുഹൃത്തുക്കളും; മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസ്

പത്തനംതിട്ട: വീട്ടില്‍ വഴക്കുപറഞ്ഞതിന്റെ പേരില്‍ നാടുവിടാന്‍ വീടുവിട്ടിറങ്ങിയ കുട്ടികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി പൊലീസ്. നാടുവിടാന്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി ഒരുങ്ങിയിറങ്ങിയ കുട്ടികളില്‍ ഒരാള്‍ കയ്യില്‍ ആവശ്യത്തിന് കാശില്ലാതെ കുഴങ്ങിയതോടെ പല ചങ്ങാതിമാരെയും സമീപിച്ചിരുന്നു. ഒടുവില്‍ രക്ഷയില്ലാതെ ഫോണ്‍ ഓണാക്കി മറ്റൊരു കൂട്ടുകാരന്റെ വീട്ടിലേക്കു വിളിച്ചതോടെയാണ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പന്തളം പൊലീസ് ഇവരെ കണ്ടെത്തിയത്. ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന അന്വേഷണസംഘം തന്ത്രപൂര്‍വം ലൊക്കേഷന്‍ മനസ്സിലാക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് 5.30ന് പന്തളം സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കൂട്ടുകാര്‍ ഒരുമിച്ച് നാടുവിടാന്‍ തീരുമാനിച്ചുള്ള യാത്ര തുടങ്ങിയത്. എറണാകുളം പോകാനായിരുന്നു മൂവരും ഉദ്ദേശിച്ചത്. എന്നാല്‍ ആവശ്യത്തിനുള്ള പണം ലഭ്യമാകാതിരുന്നതുകാരണം പോകാന്‍ സാധിച്ചില്ല. വീടുവിട്ടിറങ്ങിയ 15കാരന്റെ മാതാവിന്റെ മൊഴിപ്രകാരം രാത്രി ഒരു മണിയോടെ പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

നാടുവിടാന്‍ ഇറങ്ങിയ കുട്ടികള്‍ ഒരുമിച്ചൊരു സ്‌കൂളില്‍ പഠിക്കുന്നവരാണ്. രണ്ടുപേര്‍ ബന്ധുക്കളുമാണ്. സ്റ്റേഷനില്‍ പരാതി നല്‍കിയ വീട്ടമ്മ, മകനെ കഴിഞ്ഞദിവസം വഴക്ക് പറയേണ്ട സാഹചര്യം ഉണ്ടായെന്ന് പൊലീസിനെ അറിയിച്ചിരുന്നു.

കുട്ടികളില്‍ ഒരാള്‍ ഫോണ്‍ ഓണാക്കിയതോടെയാണ് പൊലീസ് ഇവരുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പന്തളം കുരമ്പാലയില്‍നിന്ന് ഇന്ന് രാവിലെ കുട്ടികളെ കണ്ടെത്തുകയായിരുന്നു. എങ്ങനെയെങ്കിലും പണം കണ്ടെത്തി ട്രെയിനില്‍ കയറി എറണാകുളത്തേക്കു കടക്കുകയായിരുന്നു കുട്ടികളുടെ ലക്ഷ്യം.

അടൂര്‍ ജെഎഫ്എം കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ മാതാപിതാക്കള്‍ക്കൊപ്പം അയച്ചു. കുട്ടികളെ വീടുകളില്‍ എങ്ങനെ തന്ത്രപരമായി കൈകാര്യം ചെയ്യണമെന്നു രക്ഷിതാക്കള്‍ക്ക് ക്ലാസ്സ് കൊടുക്കാനും പന്തളം പൊലീസ് മറന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News