കൊലപാതകങ്ങൾ നടന്നത് രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിൽ- എസ്.പി കെ.എസ്. സുദർശൻ

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ നടന്ന കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ പാങ്ങോട് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് എസ്.പി കെ.എസ്. സുദര്‍ശന്‍ ഐ.പി.എസ്. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷം കഴിച്ചതായി സംശയമുള്ളതിനാല്‍ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മാധ്യമങ്ങളോട് പ്രതികരിക്കവേ അദ്ദേഹം അറിയിച്ചു.

രാവിലെ പത്ത് മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്നും ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ പ്രതിയുടെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും എസ്.പി. പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ കൊലപാതകങ്ങളെ കുറിച്ചും ആയുധങ്ങളെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു.

കുടുംബത്തിന് സാമ്പത്തികബുദ്ധിമുട്ടുള്ളതായി സൂചനയുണ്ടെന്നും അത് ശരിയാണോയെന്ന കാര്യം വ്യക്തമല്ലെന്നും പ്രതി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷമേ പറയാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായും ഒരാള്‍ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News