ദിലീപിനെ കസ്റ്റഡിയില്‍ വേണം; ഉപഹര്‍ജിയുമായി പോലീസ്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗുഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കി. ബുധനാഴ്ച വരെ പ്രതികളുടെ അറസ്റ്റ് നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു.

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ സമയം വേണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കേസ് മാറ്റിയത്. ഇതിനിടെയാണ് നാടകീയ നീക്കവുമായി പ്രോസിക്യൂഷന്‍ ഇന്ന് രംഗത്തെത്തിയത്. ഉപഹര്‍ജി സ്വീകരിച്ച കോടതി ഉച്ചയ്ക്ക് 1.45ന് പരിഗണിക്കും. ദിലീപ് അടക്കമുള്ള പ്രതികള്‍ മുന്‍പ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ ഒളിപ്പിച്ചെന്നും ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നുമാണ് പ്രോസിക്യൂഷന്‍ ഉപഹര്‍ജിയിലെ വാദം.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലെ നിര്‍ണായ തെളിവുകള്‍ ഫോണ്‍ പരിശോധിച്ചാല്‍ ലഭിക്കും. ഇത് മുന്‍കൂട്ടി കണ്ടാണ് പ്രതികള്‍ ഫോണ്‍ ഒളിപ്പിച്ചത്. ഇത് കണ്ടെടുക്കാന്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ച് കഴിഞ്ഞ ദിവസം പ്രതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇവ അഭിഭാഷകര്‍ക്ക് നല്‍കിയെന്ന വിശദീകരണമാണ് പ്രതികള്‍ ക്രൈംബ്രാഞ്ചിന് നല്‍കിയത്.

ഇതോടെയാണ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് പ്രോസിക്യൂഷന്‍ നീക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News