തിരുവനന്തപുരം:മറ്റ് സർക്കാർ ജീവനക്കാർ കാക്കി യൂണിഫോം ധരിക്കുന്നത് നിർത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ട് ഡിജിപി. പൊലീസിനേതിന് സമാനമായ യൂണിഫോമിട്ട് മറ്റ് ചില വകുപ്പിലെ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങളിലുൾപ്പെടെ തെറ്റിദ്ധാരപരത്തുന്നുവെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ പരാതി.
പൊലീസ്, ഫയർഫോഴ്സ് ജയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് കാക്കി യൂണിഫോം ധരിക്കുന്നത്. പക്ഷെ പൊലീസിനു സമാനമായ ചിഹ്നങ്ങളോ ബെൽറ്റോ മറ്റ് സേന വിഭാഗങ്ങള്‍ ഉപയോഗിക്കാറില്ല. പൊലീസ് ആക്ട് പ്രകാരം പൊലീസ് യൂണിഫോമിന് സമാനമായി വസ്ത്രം ധരിക്കുന്നതും തെറ്റാണ്. മറ്റ് സേനാ വിഭാഗങ്ങളോ സെക്യൂരിറ്റി ജീവനക്കാരോ ഒന്നും യൂണിഫോം ധരിക്കാൻ പാടില്ല. പക്ഷെ ഹെൽത്ത് ഇൻസ്പെക്ടർമാർ, ലീഗൽ മെട്രോളജി ഉദ്യോഗസ്ഥർ, സ്റ്റുഡൻസ് പൊലീസിന്റെ ഭാഗമായ അധ്യാപകർ എന്നിവരെല്ലാം കാക്കി യൂണിഫോമും തോളിൽ സ്റ്റാറുമെല്ലാം വയ്ക്കാറുണ്ട്. ഇതാണ് എഡിജിപിമാരുടെ ഉന്നതതല യോഗത്തിൽ ചർച്ചയായത്.
സേനാംഗങ്ങളല്ലാത്ത സർക്കാർ ഉദ്യോഗസ്ഥർ കാക്കി ധരിക്കുകയും തെററിദ്ധാരണപരുത്തുകയും ചെയ്യുകയാണെന്നാണ് എഡിജിപി പത്മകുമാർ ഉന്നയിച്ച പരാതി. സമൂഹമാധ്യമങ്ങളിൽ പൊലീസുകാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇത്തരം ഉദ്യോഗസ്ഥർ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണെന്നും ചർച്ച ഉയർന്നു. എല്ലാവരും പൊലീസ് ചമയണ്ടെന്നും യൂണിഫോമിൽ വിട്ടുവീഴ്ചവേണ്ടെന്നും അഭിപ്രായമുയർന്നപ്പോള്‍ സർക്കാരിനെ ഈ വികാരം അറിയിക്കാൻ ഡിജിപിതീരുമാനിച്ചു.
യോഗ തീരുമാനം പൊലീസ് ആസ്ഥാന എഡിജിപി മനോജ് എബ്രഹാം സർക്കാരിനെ അറിയിച്ചു. കാക്കിയിലെ കടുംപിടുത്തത്തിൽ ഇനി സർക്കാരെന്ത് തീരുമാനമെടുക്കുമെന്ന കാത്തിരിപ്പിലാണ് പൊലീസ്.അതേസമയം മറ്റ് വകുപ്പുകളിലെ കാക്കിയിൽ തൊട്ടാൽ അതും സർക്കാരിന് സർക്കാരിന് തലവേദയാകുമെന്നുറപ്പ്