വിദ്യാർഥികൾക്കുനേരെ എ.കെ-47 കൊണ്ട് വെടിയുതിർത്തു; വീഡിയോ വൈറലായതിന് പിന്നാലെ കോൺസ്റ്റബിളിന് സസ്പെൻഷൻ

വിദ്യാർഥികൾക്കുനേരെ എ.കെ-47 കൊണ്ട് വെടിയുതിർത്തു; വീഡിയോ വൈറലായി, കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു

പട്ന: ജൂലായ് 25-ന് നടന്ന 'ബീഹാർ ബന്ദ്' സമരത്തിനിടയിൽ വിദ്യാർഥികൾക്ക് നേരെ എ.കെ.-47 തോക്ക് ഉപയോഗിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലായതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തു. സിവാനിലാണ് സംഭവം. സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിനും പോലീസ് ഉത്തരവിട്ടു.

പ്രതിഷേധത്തിനിടയിൽ പോലീസ് കോൺസ്റ്റബിൾ എ.കെ.-47 തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് ബീഹാർ പോലീസ് ഇയാളെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.

സംസ്ഥാനവ്യാപകമായി നടന്ന ബന്ദിൽ വിവിധ ജില്ലകളിൽ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയതോതിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പലയിടത്തും സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു. പട്നയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റ മൂന്ന് സമരക്കാരുടെയും നില തൃപ്തികരമാണ്.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ബീഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ആവശ്യപ്പെട്ടു. വിദ്യാർഥികൾക്ക് നേരെ പോലീസുകാരൻ വെടിയുതിർക്കുന്ന സംഭവത്തിന്റെ വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗന്ധിയും ഈ വിഷയം ഉന്നയിച്ചു.

സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്ന ബീഹാർ പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News