33.4 C
Kottayam
Monday, May 6, 2024

പോലീസ് ആകണമെന്ന അഭിജിത്തിന്‍റെ ആഗ്രഹത്തിനൊപ്പംനിന്ന് പോലീസ്

Must read

തിരുവനന്തപുരം:പോലീസ് ആകണമെന്ന അഭിജിത്തിന്‍റെ ആഗ്രഹത്തിന് ഒപ്പം ചേര്‍ന്ന് കേരളാ പോലീസ്. മീന്‍ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുന്ന പതിനൊന്നു വയസുകാരന്‍ അഭിജിത്തിന്‍റെ പോലീസ് മോഹം മാധ്യമങ്ങള്‍ വഴി അടുത്തദിവസങ്ങളിലാണ് നാടറിഞ്ഞത്. പോലീസില്‍ ചേരണമെന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്യുന്ന ഈ കുരുന്നിനെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിച്ചു.

തിരുവല്ലം പുഞ്ചക്കരി തമ്പുരാന്‍മുക്ക് സ്വദേശി സുധാദേവിയുടെ ചെറുമകനാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിജിത്. ചെറുപ്പത്തിലെതന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ്. പുലര്‍ച്ചെ നാലുമണിക്ക് മീന്‍ കച്ചവടത്തിനിറങ്ങുന്ന അമ്മൂമ്മയെ തന്നാലാവും വിധം സഹായിക്കുകയാണ് അഭിജിത്. വിഴിഞ്ഞത്ത് നിന്ന് മീന്‍ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാല്‍ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളില്‍ വീട്ടില്‍ നിന്ന് പുറപ്പെടും.

വീടുകളില്‍ മീന്‍ ആവശ്യമുണ്ടോ എന്ന് തിരക്കും. മീന്‍കുട്ട സൈക്കിളിന് പുറകില്‍ വച്ച് അമ്മൂമ്മയോടൊപ്പം ആവശ്യക്കാരുടെ അടുത്തേയ്ക്ക്. കച്ചവടമൊക്കെ കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പിന്നെ പഠനം. രാത്രിയില്‍ ഓണ്‍ലൈന്‍ ക്ലാസ്. ഇതാണ് അഭിജിത്തിന്‍റെ ദിനചര്യ.

നന്നായി പഠിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനാകാന്‍ അഭിജിത്തിനെ ഉപദേശിച്ച സംസ്ഥാന പോലീസ് മേധാവി കുട്ടിക്ക് പോലീസിന്‍റെ വകയായി ഒരു ലാപ്ടോപ്പ് സമ്മാനിച്ചു. പോലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് പോലീസ് ആസ്ഥാനത്തെത്തിയത്. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week