കോട്ടയം: വിവാദ പരാമർശം നടത്തിയ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി. കോട്ടയം താലൂക്ക് മഹല്ല് മുസ്ലിം കോർഡിനേഷൻ കമ്മിറ്റിയാണ് പരാതി നൽകിയത്.ബിഷപ്പിന്റെ പ്രസ്താവന ബോധപൂർവമാണെന്ന് കമ്മിറ്റി ആരോപിക്കുന്നു. ബിഷപ്പിന്റെ ഈ പരാമർശം മതസ്പർധ വളർത്താൻ ഉദ്ദേശിച്ചുള്ളതാണെന്ന് പരാതിയിൽ പറയുന്നു. 153 എ വകുപ്പു പ്രകാരം കേസ് എടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പരാമർശത്തിന് പിന്നാലെ വിവിധ സംഘടനകൾ ബിഷപ്പിനെതിരെ രംഗത്തെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തുമെന്ന് പി.ഡി.പി. അറിയിച്ചിട്ടുണ്ട്.കത്തോലിക്കാ പെൺകുട്ടികളെയും യുവാക്കളെയും നർക്കോട്ടിക്-ലൗ ജിഹാദികൾ ഇരയാക്കുന്നെന്നായിരുന്നു പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പരാമർശം. ഇതിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാകാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗങ്ങളാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
കത്തോലിക്കാ യുവാക്കളെയും ഹൈന്ദവ യുവാക്കളെയും ലക്ഷ്യംവെച്ച് മയക്കുമരുന്നിലും മറ്റ് ലഹരിക്കും അടിമയാക്കുന്നതിനുവേണ്ടി പ്രത്യേക സംഘങ്ങൾ കേരളത്തിൽ പലയിടത്തായി പ്രവർത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിച്ച് യുദ്ധംചെയ്യാനാവാത്ത സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കുതന്ത്രങ്ങളിലൂടെ മറ്റു മതങ്ങളെ നശിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇക്കൂട്ടർക്കുള്ളതെന്നും യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിൽ ബിഷപ് ആരോപിച്ചിരുന്നു.
വിവാദ പ്രസ്താവനയിൽ പാലാ ബിഷപ്പിനെതിരെ പി ടി തോമസ് രംഗത്ത്. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ലെന്ന് പി ടി തോമസ് പറഞ്ഞു. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വാർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ.
ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നത് ആധുനിക കാലഘട്ടത്തിൽ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്. മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുതെന്നും പി ടി തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെതായി പുറത്ത് വന്ന വാർത്ത സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ല. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ. ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നതു ആധുനിക കാലഘട്ടത്തിൽ വിരളമാണ്.ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്. എന്നും മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുത്.