തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ കൊവിഡ് രോഗികളുടെയും ടെലിഫോണ്‍ വിവരം ശേഖരിക്കാനുള്ള പോലീസ് തീരുമാനം വിവാദത്തില്‍. രോഗികളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഫോണ്‍കോള്‍ വിശദംശങ്ങള്‍ പോലീസ് ദുരുപയോഗം ചെയ്തേക്കാമെന്നുമുള്ള ആക്ഷേപമാണ് ഉയരുന്നത്. എന്നാല്‍ സമ്പര്‍ക്കപട്ടിക്ക തയ്യാറാക്കല്‍ എളുപ്പമാക്കാനാണ് ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് പോലീസ് വിശദീകരണം.
സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിനെന്ന പേരില്‍ മുഴുവന്‍ കൊവിഡ് രോഗികളുടെയും ഫോണ്‍ വിളി വിശദാംശങ്ങള്‍ ശേഖരിക്കുന്ന നടപടിയാണ് വിവാദത്തിലായത്. രോഗിയായിതന്റെ പേരില്‍ ഒരാളുടെ ടെലിഫോണ്‍ രേഖകള്‍ ശേഖരിക്കുന്നത്, മൗലികാവകാശ ലംഘനമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മറ്റ് ഉദ്ദേശങ്ങളില്ലെന്നും ആശുപത്രിയിലുള്ള കൊവിഡ് രോഗികളോട് സംസാരിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഫോണ്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നതെന്നുമാണ് പൊലീസ് വിശദീകരണം.
കൊവിഡ് പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള കേസുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം മാത്രമാണ് നേരത്തെ ഫോണ്‍ വിളി വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പ്രതിരോധത്തിന്റെ ചുമതല പോലീസ് ഏറ്റെടുത്തതോടെ കോള്‍ വിശദാംശങ്ങള്‍ വ്യാപകമായി ശേഖരിച്ചു തുടങ്ങി.
പോലീസ് നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാനായി കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ചില ടെലിഫോണ്‍ കമ്പനികള്‍ സി.ഡി.ആര്‍ നല്‍കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പരാതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടെലിഫോണ്‍ രേഖകള്‍ കര്‍ശനമായി ശേഖരിക്കണമെന്ന് ഡിജിപി ഉത്തരവിറക്കിയത്. ബിഎസ്എന്‍എല്ലില്‍ നിന്ന് രേഖകള്‍ ഉറപ്പാക്കാന്‍ ഇന്റലിജന്‍സ് എ.ഡി.ജി.പിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.