കോട്ടയം: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ പരിശോധന ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്. ഇതിന്റെ ഭാഗമായി മദ്യം, മയക്കുമരുന്ന് മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗവും, വില്പനയും തടയുക എന്നതാണ് ലക്ഷ്യം.
ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ, മറ്റ് പൊതുയിടങ്ങൾ എന്നിവിടങ്ങളിലായി നിരീക്ഷണം നടത്തുന്നതിന് അതാത് എസ്.എച്ച്.ഓ മാരെ ഉൾപ്പെടുത്തി പ്രത്യേകം സ്ക്വാഡ് രൂപീകരിച്ച് നിരീക്ഷണം നടത്തിവരികയാണ്. ഇവരെ സഹായിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.
ഇതുകൂടാതെ പോലീസ് റസിഡൻസ് അസോസിയേഷനുമായി ചേർന്ന് കൂടുതൽ പെട്രോളിംഗ് നടത്തുന്നുണ്ട്. കൂടാതെ മാളുകൾ, ടൂറിസം കേന്ദ്രങ്ങൾ, ബസ്റ്റാൻഡുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ത്രീ സുരക്ഷയ്ക്കായി വനിതാ പോലീസിനെ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേകം മഫ്ടി പോലീസിനെയും കൂടുതലായി നിയോഗിച്ചിട്ടുണ്ട്.
നിശ്ചിത പാർക്കിംഗ് ഏരിയയിൽ മാത്രം വാഹനങ്ങള്‍ പാർക്ക് ചെയ്യുക.അനധികൃതമായ വാഹന പാർക്കിംഗ് അനുവദിക്കുന്നതല്ല. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരി വസ്തുക്കൾ മറ്റു ജില്ലകളിൽ നിന്നും എത്തുന്നത് തടയുന്നതിനായി ജില്ലാ അതിർത്തികൾ കേന്ദ്രീകരിച്ച് കർശന വാഹനപരിശോധനയും, മുൻപ് ലഹരി വസ്തു കേസുകളിൽ ഉൾപ്പെട്ടവരെയും, ഓരോ സ്റ്റേഷനുകളിലെയും ആന്റി സോഷ്യൽ ലിസ്റ്റില്‍ ഉൾപ്പെട്ട ക്രിമിനലുകളെയും പ്രത്യേകം നിരീക്ഷിച്ചു വരുന്നു.
ഇത്തരത്തിലുള്ള പ്രശ്നക്കാരായ സ്ഥിരം കുറ്റവാളികളെ കരുതൽ തടങ്കലില്‍ എടുക്കുന്നതിനും, എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതായും എസ്പി പറഞ്ഞു.