പാലക്കാട്: ഹിന്ദു ദൈവത്തെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടെന്ന കേസിൽ ഹാജരാകാൻ സംവിധായിക കുഞ്ഞില മാസിലമണിക്ക് പൊലീസ് നോട്ടീസ്. ഒരാഴ്ചയ്ക്കകം ഹാജരാകാനാണ് ഒറ്റപ്പാലം പൊലീസിന്റെ നിർദേശം. പൊലീസിന്റേത് സ്വാഭാവിക നടപടിയല്ലെന്നും സർക്കാരിന്റെ പകപോക്കലാണെന്നും കുഞ്ഞില ആരോപിച്ചു.
തൃശൂർ സ്വദേശിയുടെ പരാതിയിലാണ് മേയ് 26 ന് ഒറ്റപ്പാലം പൊലീസ് കുഞ്ഞിലയ്ക്കെതിരെ കേസ് എടുത്തത്. തുടർ അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ നോട്ടീസ് നൽകിയെന്നാണ് വിശദീകരണം. എന്നാൽ പൊലീസ് നടപടി ദുരൂഹമാണെന്ന് കുഞ്ഞില ആരോപിച്ചു. ആർഎസ്എസിന് എതിരെ പോസ്റ്റ് ഇട്ട സംവിധായികയോടുള്ള സർക്കാർ നിലപാട് ഇതാണോയെന്നും കുഞ്ഞില ചോദിക്കുന്നു.
വനിത ചലച്ചിത്ര മേളയിൽ നിന്ന് തന്റെ ചിത്രം ഒഴിവാക്കിയതിൽ കഴിഞ്ഞ ദിവസം, കുഞ്ഞില ശക്തമായി പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ ഉദ്ഘാടന വേദിയിൽ മുദ്രാവാക്യം വിളിച്ച് കുത്തിയിരുന്ന കുഞ്ഞിലയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ ചലച്ചിത്ര അക്കാഡമി ഇതുവരെ പരാതി നൽകാത്തതിനാൽ കസബ പൊലീസ് കേസ് എടുത്തിട്ടില്ല.
കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള വേദിയില്‍ നിന്ന് സംവിധായിക കുഞ്ഞില മാസിലാമണിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. കുഞ്ഞില മാസിലാമണി വേദിയില്‍ കാണിച്ചത് കുട്ടികളുടെ വികൃതിയാണെന്നും മേളയുടെ വിജയത്തെ തകര്‍ക്കാന്‍ ഇത്തരം ചെറുകിട നാടകങ്ങള്‍ക്ക് കഴിയില്ലെന്നും രഞ്ജിത്ത് പ്രതികരിച്ചു. മേളയുടെ തന്നെ ഓപണ്‍ ഫോറത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് രഞ്ജിത്തിന്റെ പ്രതികരണം.
“ആ സിനിമ ഒരു ഒറ്റ ചിത്രമല്ല. ഒരു ആന്തോളജിയിലെ ഒരു സിനിമ മാത്രമാണ്. അത് അടര്‍ത്തിയെടുത്ത് ഇവിടെ കാണിക്കണമെന്ന ആവശ്യവുമായാണ് അവര്‍ അക്കാദമിലെ സമീപിച്ചത്. അത് സാധ്യമല്ലെന്ന സാങ്കേതികപരമായ മറുപടി അക്കാദമി നല്‍കുകയും ചെയ്തിരുന്നു. മന്ത്രിയും നഗരസഭാ മേയറുമൊക്കെ പങ്കെടുക്കുന്ന ഒരു വേദിയില്‍ കയറി വികൃതി കാണിച്ചതിനാണ് പൊലീസ് അവരെ കസ്റ്റഡിയില്‍ എടുത്തത്. ആ സംഭവത്തില്‍ അക്കാദമിക്ക് യാതൊരു റോളുമില്ല. പ്രേക്ഷക പങ്കാളിത്തം കൊണ്ട് വലിയ വിജയമാണ് ഈ ഫെസ്റ്റിവല്‍. വരും വര്‍ഷങ്ങളിലും അത് ആവര്‍ത്തിക്കും. ഇത്തരം ചെറുകിട നാടകങ്ങള്‍ കൊണ്ടൊന്നും അതിന് തടയിടാന്‍ കഴിയില്ല”, രഞ്ജിത്ത് പറഞ്ഞു.
ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിലെ അസംഘടിതര്‍ എന്ന ചിത്രമാണ് കുഞ്ഞില മാസിലാമണി സംവിധാനം ചെയ്തത്. ഈ ചിത്രമാണ് ചലച്ചിത്രമേളയില്‍ നിന്ന് ഒഴിവാക്കിയത്. അതേസമയം യുവസംവിധായികയെ കസ്റ്റഡിയില്‍ എടുത്ത സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് സംവിധായിക വിധു വിൻസെന്റ് വൈറല്‍ സെബി എന്ന തന്റെ ചിത്രം പിൻവലിച്ചിരുന്നു. അക്കാദമി ചെയർമാനെതിരെ രൂക്ഷ വിമർശനവുമായി എഐവൈെഎഫ് സംസ്ഥാന പ്രസിഡന്റും അക്കാഡമി അംഗവുമായ എൻ അരുൺ മുഖ്യമന്ത്രിക്ക് കത്തയച്ചു. സോഷ്യല്‍ മീഡിയയിലും നിരവധി പേര് കുഞ്ഞിലയ്ക്ക് ഐക്യദാര്‍ഢ്യവുമായി എത്തുന്നുണ്ട്