ഏനാത്ത്: ആബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന കുഞ്ഞിനു വേണ്ടി ബിസ്കറ്റ് വാങ്ങിത്തരാമോ എന്ന ഫോൺ വിളി വന്നപ്പോൾ കബളിപ്പിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും ദൗത്യം ഏറ്റെടുത്തപ്പോൾ ഏനാത്ത് പൊലീസിന് മാതൃകാപരമായ സേവനത്തിന് കയ്യടി.കഴിഞ്ഞ ദിവസം രാവിലെ പത്തരയോടയാണ് പൊലീസ് സ്റ്റേഷനിലേക്ക് സഹായം അഭ്യർഥിച്ച് ഫോൺ വിളി വന്നത്. മോൾക്ക് സുഖമില്ല. ആംബുലൻസിൽ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കുഞ്ഞ് ഒന്നും കഴിച്ചിട്ടില്ല. ആംബുലൻസ് നിർത്തി ആഹാരം വാങ്ങിയാൽ സമയം നഷ്ടപ്പെടും.
അതിനാൽ ബിസ്കറ്റ് വാങ്ങി ആംബുലൻസിനരികിൽ എത്തിക്കാമോ എന്നായിരുന്നു പൊലീസിനോടുള്ള സഹായാഭ്യർഥന. പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർ കെ.എം.മനൂപാണ് ഫോൺ എടുത്തത്. ഇൻസ്പെക്ടർ അവധിയിലായിരുന്നതിനാൽ എസ് ഐ ടി.സുമേഷിനെ വിവരം അറിയിച്ചു. ഇരുവരും കൂടി ബിസ്കറ്റ് വാങ്ങി ഏനാത്ത് പാലത്തിനു സമീപം കാത്തു നിന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് രാധാകൃഷ്ണനും ഒപ്പം ചേർന്നു. അപ്പോഴേക്കും റാന്നി ഭാഗത്തുള്ള ആംബുലൻസ് എത്തി. വേഗം കുറച്ചപ്പോഴേക്കും ആംബുലൻസിലിരുന്ന കുഞ്ഞിന്റെ ബന്ധുക്കൾക്ക് ബിസ്കറ്റ് കൈമാറുകയും ചെയ്തു. കുഞ്ഞിന്റെ രോഗ വിവരം തിരക്കിയും സ്ഥലം ചോദിച്ചും സമയം നഷ്ടപ്പടുത്താൻ ശ്രമിക്കാതെ ദൗത്യം പൂർത്തിയാക്കി പൊലീസ് മടങ്ങി.
പാറശാല • പൊലീസ് വാഹനത്തിൽ നിന്ന് കണക്കിൽപെടാത്ത 13,960 രൂപ വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയ സംഭവത്തിൽ ഗ്രേഡ് എസ്ഐ അടക്കം രണ്ട് പേർക്ക് സസ്പെൻഷൻ. പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ജ്യോതികുമാർ, ഡ്രൈവർ അനിൽകുമാർ എന്നിവർക്ക് എതിരെ ആണ് നടപടി. സ്റ്റേഷനിലെ പട്രോളിങ് വാഹനത്തിൽ നിന്ന് ഏപ്രിൽ ആറ് വെളുപ്പിന് ആണ് ഡ്രൈവർ സീറ്റിനു അടിയിൽ നിന്ന് ചുരുട്ടിയ നിലയിൽ 500, 200, 100 രൂപയുടെ നോട്ടുകൾ വിജിലൻസ് പിടിച്ചെടുത്തത്. രാത്രി റോഡ് പരിശോധനയ്ക്ക് ശേഷം വാഹനം തിരിച്ച് സ്റ്റേഷൻ വളപ്പിൽ എത്തിയപ്പോഴാണ് വിജിലൻസ് പരിശോധന.
വാഹനത്തിൽ നിന്ന് കണ്ടെത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് പറ്റി ഉദ്യോഗസ്ഥർക്ക് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. പിടികൂടിയത് കൈക്കൂലിയായി ലഭിച്ച തുക എന്ന നിഗമനത്തിൽ ആണ് ശിക്ഷണ നടപടികൾ. തമിഴ്നാട്ടിൽ നിന്ന് അമിത ലോഡ് കയറ്റി എത്തുന്ന ലോറികളിൽ നിന്ന് ചില പൊലീസ് ഉദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങുന്നതായി കഴിഞ്ഞ മാസം 25ന് മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് വിജിലൻസ് നിരീക്ഷണം ശക്തമാക്കിയത്. രാത്രി പത്ത് മണിക്ക് ഡ്യൂട്ടി ആരംഭിച്ച വാഹനം വെളുപ്പിന് 4.30ന് സ്റ്റേഷനിൽ എത്തിയപ്പോൾ 13,960 രൂപ കൈക്കൂലിയായി കണ്ടെത്തിയത് ഉന്നത ഉദ്യോഗസ്ഥരെ തന്നെ ഞെട്ടിച്ചിരുന്നു.
കളിയിക്കാവിള അതിർത്തി കടന്ന് നഗരത്തിൽ എത്തുന്ന 32 കിലോമീറ്ററിനുള്ളിൽ കൈമടക്ക് ഇനത്തിൽ മാത്രം ഒരു ലോറിക്ക് നൽകേണ്ടി വരുന്നത് 1500 രൂപ വരെ ആണ്. കളിയിക്കാവിള മുതൽ പ്രാവച്ചമ്പലം വരെ നോക്കുന്ന ഹൈവേ പൊലീസിനു നേർക്കാണ് കൈമടക്ക് വാങ്ങുന്നതായി വ്യാപക പരാതികൾ ഉയർന്നിരിക്കുന്നത്. വിജിലൻസ് പരിശോധനയ്ക്ക് എത്തിയാലും രക്ഷപ്പെടുന്നതിന് കൈമടക്ക് ആയി ലഭിക്കുന്ന തുക യഥാസമയം ഇവർ മാറ്റുന്നതായും അഭ്യൂഹങ്ങൾ ഉണ്ട്. പാറപ്പൊടി, എം സാന്റ്, തടി എന്നിവയുമായി സ്ഥിരമായി എത്തുന്ന ലോറികളിൽ നിന്ന് നിശ്ചിത തുക തന്നെ നിശ്ചയിച്ച് മാസം തോറും ആണ് ഇടപാടുകൾ. പടി നൽകുന്ന വാഹനങ്ങളുടെ ഫോട്ടോയും, റജിസ്ട്രേഷൻ നമ്പറും ചില ഉദ്യോഗസ്ഥരുടെ പക്കലുണ്ടെന്ന് രഹസ്യാന്വേഷ്വണ വിഭാഗം തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.