തിരുവനന്തപുരത്ത് പോലീസിന് നേരെ ആക്രമണം; സി.ഐയുടെ തലയ്ക്കും കഴുത്തിനും അടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ശിങ്കാരത്തോപ്പ് കോളനിയില്‍ പോലീസിന് നേരെ ആക്രമണം. തിരുവനന്തപുരം ഫോര്‍ട്ട് സി.ഐ ജെ. രാകേഷിനാണ് മര്‍ദനമേറ്റത്. മദ്യ ലഹരിയില്‍ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സിഐക്ക് മര്‍ദനമേറ്റ്. തലയ്ക്ക് അടിയേറ്റ സി.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. ശിങ്കാരത്തോപ്പ് കോളനില്‍ പതിവായി മദ്യപ സംഘം എത്താറുണ്ട്. ഇവിടെ ചെറിയ സംഘര്‍ഷമുണ്ടെന്നറിഞ്ഞാണ് ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് എത്തിയത്. മദ്യപസംഘത്തെ പിന്തിരിപ്പിക്കുന്നതിനിടെയാണ് സിഐക്ക് മര്‍ദനമേറ്റത്. സി.ഐ ജെ. രാകേഷിന്റെ തലയ്ക്കും കഴുത്തിനുമാണ് അടിയേറ്റത്. ചികിത്സയ്ക്ക് ശേഷം സിഐ രാവിലെയോടെ ആശുപത്രി വിട്ടുവെന്നാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവരുടെ അറസ്റ്റ് കൂടി വൈകാതെ രേഖപ്പെടുത്തും. നേരത്തെയും ശിങ്കാരത്തോപ്പ് കേന്ദ്രീകരിച്ച് അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അതീവഗൗരവത്തോടെയാണ് പോലീസ് വിഷയത്തെ നോക്കിക്കാണുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News