പരപ്പനങ്ങാടി: അവധി ദിവസം താലൂക്ക് ഓഫീസില്‍ പ്രത്യേക ഡ്യൂട്ടിക്ക് പോകാന്‍ വനിതാ ജീവനക്കാരിയെ ഇറക്കിയ ശേഷം മടങ്ങിയ ഭര്‍ത്താവിനെ പോലീസ് മര്‍ദിച്ചതായി പരാതി. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ ഞായറാഴ്ച ജോലിക്ക് എത്തിയ ടൈപ്പിസ്റ്റ് ലേഖയുടെ ഭര്‍ത്താവ് പ്രമോദിനെ പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസ് മര്‍ദിച്ചു എന്നും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങി എന്നുമാണ് പരാതി.
ലേഖയെ ഡ്യൂട്ടിക്കായി വാഹനത്തില്‍ കയറ്റി വിട്ട ശേഷം മടങ്ങുമ്പോള്‍ ആണ് പ്രമോദിനെ പോലീസ് മര്‍ദിച്ചത് എന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യം അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ സിഐ കയര്‍ത്ത് സംസാരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു എന്നും ലേഖ തഹസിലാദര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രമോദിന്റെ മൊബൈല്‍ പിടിച്ചെടുത്ത ശേഷം ലാത്തി കൊണ്ട് അടിച്ചുവെന്നാണ് പരാതി. തഹസില്‍ദാരുടെ പരാതി ജില്ലാ കലക്റ്റര്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. മര്‍ദ്ദനമേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ ജോയിന്റ് കൗണ്‍സിലും കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല് പ്രമോദിനെ മര്‍ദിച്ചിട്ടില്ല എന്നും കണ്ടയിന്‍മെന്റ് സോണില്‍ നില്‍ക്കുന്നത് ചോദ്യം ചെയ്യുകയാണ് ചെയ്തത് എന്നും പരപ്പനങ്ങാടി സിഐ ഹണി കെ. ദാസ് പറഞ്ഞു. നിയമം ലംഘിച്ച് പുറത്തിറങ്ങിയതിന് പ്രമോദിനെതിരെ കേസെടുത്തിട്ടുണ്ടെന്നും സിഐ പറഞ്ഞു.