കൊച്ചി: പെരുമ്പാവൂരില്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് സഹോദരങ്ങളുടെ വാഹനം തടഞ്ഞ പൊലീസുകാരെ മര്‍ദ്ദിച്ചു. പെരുമ്പാവൂര്‍ ചെമ്പറക്കിയിലാണ് സംഭവം. വാഹനം തടഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായ വാക്കേറ്റത്തിനിടെ പൊലീസുകാരെ ഇവര്‍ പ്രകോപനപരമായി ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. ഇരുവരെയും തടിയിട്ടപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഇവര്‍ക്കെതിരെ ഉയരുന്നത്. വാഹനം തടഞ്ഞുനിര്‍ത്തിയപ്പോള്‍ പച്ചക്കറി വാങ്ങാന്‍ പോകുകയാണെന്നായിരുന്നു ഇവരുടെ ന്യായം. എന്തിനാണ് പച്ചക്കറി വാങ്ങാനായി രണ്ടുപേര്‍ പോകുന്നതെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാള്‍ പോകുന്നതല്ലേ ഉചിതമെന്ന് പൊലീസ് പറഞ്ഞതിന് പിന്നാലെ ഇവര്‍ അക്രമിക്കുകയായിരുന്നു.ഇതിനിടെ കണ്ണൂരില്‍ 90 പേരെയും, എറണാകുളത്ത് 30 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പൊലീസ് നിര്‍ദ്ദേശം ലംഘിച്ചതിന് ഇന്നലെ 123 കേസുകളാണ് തലസ്ഥാനത്ത് മാത്രം രജിസ്റ്റര്‍ ചെയ്തത്. അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ പൊലീസ് ശേഖരിക്കാന്‍ തുടങ്ങി.ലോക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് സഞ്ചരിച്ച എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി റിയാസ് വഹാബിനെതിരെയും കേസുണ്ട്. വര്‍ക്കല പൊലീസാണ് കേസെടുത്തത്.