അടിമാലി: പത്തുമാസംകൊണ്ട് ഇരട്ടി തുക നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍നിന്നായി കോടികള്‍ തട്ടിയെടുത്ത കേസില്‍ നാലംഗ സംഘത്തെ അടിമാലി പോലീസ് അറസ്റ്റുചെയ്തു. അടിമാലി ടൗണിലെ വനിതാ ഓട്ടോഡ്രൈവര്‍ പൊളിഞ്ഞപ്പാലം പുറപ്പാറയില്‍ സരിത (39), കോട്ടയം കാണക്കാരി പട്ടിത്താനം സ്വദേശികളായ ചെരുവില്‍ ശ്യാമളകുമാരി സുജ (55), മകന്‍ വിമല്‍ (29), ഇവരുടെ ബന്ധു ചെരുവില്‍ ജയകുമാര്‍ (42) എന്നിവരെയാണ് ഇടുക്കി എ.എസ്.പി. രാജ് പ്രസാദിന്റെ നിര്‍ദേശപ്രകാരം അടിമാലി പോലീസ് അറസ്റ്റുചെയ്തത്.
അടിമാലി സ്വദേശികളായ ജയന്‍, ഷിബു, പീറ്റര്‍, മത്തായി, രാജേഷ് എന്നിവരുടെ 24 ലക്ഷം രൂപ തട്ടിച്ചതായുള്ള പ്രാഥമിക പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പരാതിക്കാര്‍ സുഹൃത്തുക്കളാണ്.
ഇത്തരത്തില്‍ അടിമാലിയില്‍ 50-ഓളം പേരില്‍നിന്നായി കോടികള്‍ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പലരും പരാതിയുമായി രംഗത്തുവന്നിട്ടില്ല. അടിമാലിയിലെ വന്‍കിടക്കാരുടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ടതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ കോവിഡ് കാലത്താണ് ഇത്തരത്തില്‍ പണപ്പിരിവ് തുടങ്ങിയത്. സരിതയാണ് അടിമാലിയിലെ ഏജന്റ്. ജയകുമാറാണ് തട്ടിപ്പിന്റെ സൂത്രധാരന്‍. ജയകുമാര്‍ അടിമാലിയിലെത്തി ഓട്ടോഡ്രൈവറായ സരിതയെ പരിചയപ്പെട്ടാണ് ഏജന്റാക്കിയത്. ഏറ്റവുംകുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും വിദേശ കമ്പനിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ 10 മാസംകൊണ്ട് ഇരട്ടിത്തുക നല്‍കുമെന്നായിരുന്നു വാഗ്ദാനം.
ഈ പണംകൊണ്ട് കമ്പനി സ്വര്‍ണം, ക്രൂഡ് ഓയില്‍, പ്ലാറ്റിനം എന്നിവ വാങ്ങി കച്ചവടം നടത്തും. ഇതിന്റെ ലാഭവിഹിതമാണ് നിക്ഷേപകര്‍ക്ക് നല്‍കുന്നതെന്നായിരുന്നു വാഗ്ദാനം. പണം നല്‍കുന്നവര്‍ക്ക് വിദേശ കമ്പനിയുടെ ഒരു വ്യാജ സൈറ്റും ഓപ്പണ്‍ചെയ്ത് നല്‍കിയിരുന്നു. ഇങ്ങനെയാണ് ഇരകളെ വിശ്വസിപ്പിച്ചിരുന്നത്.
അടിമാലിയിലെ ചില പ്രധാനികള്‍ക്ക് ആദ്യഘട്ടത്തില്‍ ഇരട്ടിത്തുക നല്‍കി. ഇത് പ്രചരിപ്പിച്ചായിരുന്നു കൂടുതല്‍പേരെ തട്ടിപ്പിന് ഇരയാക്കിയതെന്നും പോലീസ് പറഞ്ഞു. ഇപ്പോഴത്തെ പരാതിക്കാര്‍ എല്ലാംതന്നെ സരിതയുടെ ബാങ്ക് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. അതിനാല്‍, കേസിലെ ഒന്നാംപ്രതി സരിതയാണ്. ഒരുലക്ഷം രൂപയ്ക്ക് പതിനായിരം രൂപയായിരുന്നു സരിതയുടെ കമ്മീഷനെന്നും പോലീസ് പറഞ്ഞു. സുജയും മകന്‍ വിമലും, ജയകുമാറിന്റെ സഹായിയായാണ് പ്രവര്‍ത്തിച്ചിരുന്നത്.
ജയകുമാര്‍ കോട്ടയം ജില്ലയില്‍ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിയെടുത്ത പണംകൊണ്ട് ജയകുമാര്‍ ഭൂമിയും കെട്ടിടങ്ങളും സമ്പാദിച്ചിട്ടുള്ളതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. അടിമാലി എസ്.ഐ.മാരായ അബ്ദുല്‍ കനി, ടി.പി.ജൂഡി, നൗഷാദ്, അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.