മലപ്പുറം: തെന്നല പോക്‌സോ കേസില്‍ വിശദമായ അന്വേഷണത്തിന് പോലീസ് തയാറെടുക്കുന്നു. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് ഉള്‍പ്പടെ നല്‍കി വിശദാംശങ്ങള്‍ ചോദിച്ചറിയാനാണ് പോലീസ് ശ്രമം. ഇതിനായുള്ള നടപടികള്‍ തിരൂരങ്ങാടി പോലീസ് തുടങ്ങി.
അതേസമയം ഡിഎന്‍എ പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും ജയില്‍ മോചിതമായ ശ്രീനാഥ് കേസില്‍ പ്രതിയല്ലാതാകില്ലെന്നാണ് പോലീസ് നിലപാട്. കുട്ടിയുടെ പിതാവ് ശ്രീനാഥ് അല്ലെന്ന് മാത്രമേ തെളിഞ്ഞിട്ടുള്ളൂ. പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്നാണ് പോലീസ് പറയുന്നത്.
ശ്രീനാഥാണ് പീഡിപ്പിച്ചതെന്നായിരുന്നു നേരത്തെ പെണ്‍കുട്ടി നല്‍കിയിരുന്ന മൊഴി. അതിനാല്‍ തന്നെ ഇയാളെ പ്രതിയാക്കി പോലീസ് കേസ് അന്വേഷണം അവസാനിപ്പിച്ച മട്ടിലായിരുന്നു. ശ്രീനാഥ് കുറ്റം നിരവധി തവണ നിഷേധിച്ചെങ്കിലും പോലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടന്ന് യുവാവ് കൗമാരക്കാരന്‍ മോചിതനായത്. ഇതോടെ പോലീസ് വെട്ടിലാവുകയായിരുന്നു.
അതിനിടെ ശ്രീനാഥിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ തെറ്റുപറ്റിയിട്ടില്ലെന്നാണ് പോലീസ് നിലപാട്. പോലീസിന് മുന്‍പാകെ മാത്രമല്ല മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും പെണ്‍കുട്ടി ശ്രീനാഥിന്റെ പേരാണ് പറഞ്ഞിരുന്നതെന്നാണ് പോലീസ് ഭാഷ്യം.