സ്ഥലംമാറ്റം ഒഴിവാക്കാൻ പ്രതിമാസം 6000 രൂപ കൈക്കൂലി; കോൺസ്റ്റബിളിൽനിന്ന് പണം വാങ്ങിയ പോലീസ് ഇൻസ്പെക്ടർ അറസ്റ്റിൽ

മംഗളൂരു: സ്ഥലംമാറ്റം ഒഴിവാക്കാൻ സഹപ്രവർത്തകനിൽനിന്ന് കൈക്കൂലി വാങ്ങിയ പോലീസ് ഇൻസ്പെക്ടറെ ലോകായുക്ത അറസ്റ്റ് ചെയ്തു. കർണlടക സ്റ്റേറ്റ് റിസർവ് പോലീസ് (കെ.എസ്.ആർ.പി.) കൊണാജെ സ്റ്റേഷനിലെ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസ് ആണ് 18,000 രൂപ കൈക്കൂലിവാങ്ങവെ പിടിയിലായത്.

കൂടെ ജോലിചെയ്യുന്ന കോൺസ്റ്റബിൾ അനിലിന്റെ പരാതിയിലാണ് അറസ്റ്റ്. അനിലിന് സ്ഥലംമാറ്റം ഒഴിവാക്കി കൊണാജെ ഓഫീസിൽത്തന്നെ തുടരാൻ മാസം 6000 രൂപ വീതം മുഹമ്മദ് ഹാരിസ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഇതിനകം 50,000 രൂപ അനിൽ ഹാരിസിന്‌ നൽകി. എന്നാൽ അച്ഛന് അസുഖമായതിനാൽ കഴിഞ്ഞ ഏപ്രിൽമുതൽ അനിലിന്‌ പണം നൽകാനായില്ല. ഹാരിസ് നിത്യവും അനിലിനോട് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇതോടെ അനിൽ രഹസ്യമായി ലോകായുക്തക്ക് പരാതിനൽകി. മൂന്നുമാസത്തെ കൈക്കൂലി തുകയായ 18,000 രൂപ ഒരുമിച്ച്‌ നൽകാനുള്ള നിർദേശത്തെ തുടർന്ന് അനിൽ കഴിഞ്ഞദിവസം തുക ഹാരിസിന്‌ കൈമാറുമ്പോൾ ലോകായുക്ത അറസ്റ്റ് ചെയ്യുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News