News

‘എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം…’ കോടതി മുറിയിൽ അലറിവിളിച്ച് പീഡനത്തിനിരയായ കുട്ടി, മനസിൽ കിടക്കുന്ന ദുരന്തം പുറത്തുപറയാനാവാതെ തേങ്ങൽ

‘എനിക്കവനെ ഇടിക്കണം, കരാട്ടെ പഠിക്കണം…’ വാക്കുകൾ പൂർത്തിയാക്കാനാകാതെ കോടതി മുറിയിൽ സാക്ഷിക്കൂട്ടിൽ നിന്ന അവൾ അലറി വിളിച്ചു. അൽപനേരം കഴിഞ്ഞപ്പോൾ നിശബ്ദയായി. പോക്‌സോ കേസിൽ മൊഴി നൽകാൻ എത്തിയ പീഡനത്തിനിരയായ കുട്ടിയാണ് അതിവേഗ സ്‌പെഷൽ കോടതിയിൽ നിസഹയായി നിന്നത്.

തനിക്കേറ്റ പീഡനദുരന്തം മനസ്സിലുണ്ടെങ്കിലും ഒന്നും പറയാൻ കഴിയാതെ അവൾ ആ മുറിക്കുള്ളിൽ തേങ്ങി നിന്നു. ക്രൂരതകളെ കുറിച്ച് ജഡ്ജി ആർ.ജയകൃഷ്ണൻ ആരാഞ്ഞപ്പോഴായിരുന്നു പെൺകുട്ടി അസ്വസ്ഥയായത്. മനോനില തകർന്ന കുട്ടിക്കു വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നു സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ കോടതിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിക്ക് അടിയന്തര ചികിത്സ നൽകാൻ കോടതി ഉത്തരവിട്ടു.

മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സ നടത്താൻ നടപടി എടുക്കണമെന്നും കോടതി നിർദേശിച്ചു. 2013 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് പതിനഞ്ചുകാരി ക്രൂരമായ പീഡനത്തിന് ഇരയായത്. ജന്മനാ മാനസിക വെല്ലുവിളി നേരിട്ട കുട്ടിയെ വീടിനടുള്ള രണ്ട് പേർ ചേർന്നാണ് പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മ തടഞ്ഞിട്ടും പ്രതികൾ കുട്ടിയെ വിട്ടില്ല.

എതിർത്തപ്പോൾ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. സംഭവത്തിനു ശേഷം കുട്ടിയുടെ മനോനില കൂടുതൽ താളം തെറ്റുകയായിരുന്നു. മാനസിക വെല്ലുവിളിയുള്ള അമ്മയും 90 വയസ്സായ അമ്മൂമ്മയും മാത്രമാണ് ആശ്രയം. കുട്ടിയെ ചികിത്സയ്ക്കു കൊണ്ടു പോകാൻ ആരുമില്ല. അതിനുള്ള സാമ്പത്തിക സ്ഥിതിയും കുടുംബത്തിനില്ല. കുറച്ചു വർഷങ്ങളായി കുട്ടി നേരെ സംസാരിക്കുന്നില്ല. കുട്ടിയെ ചികിത്സിക്കട്ടെ എന്ന് അമ്മയോടും അമ്മൂമ്മയോടും കോടതി ചോദിച്ചപ്പോൾ ഇരുവരും സമ്മതിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button