അശ്ലീല ചാറ്റിംഗ്, പരാതി നല്‍കിയതിന് പിന്നാലെ ഭീഷണി; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു; എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ അദ്ധ്യാപകനെതിരെ പോക്‌സോ കേസ്

കാസര്‍ഗോഡ്: മേല്‍പ്പറമ്പില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ കാസര്‍ഗോഡ് അദ്ധ്യാപകനെതിരെ പോക്‌സോ കേസെടുത്തു. കുട്ടി പഠിച്ചിരുന്ന സ്‌കൂളിലെ അദ്ധ്യാപകനായ ഉസ്മാനെതിരെയാണ് കേസെടുത്തത്. ഇയാള്‍ പെണ്‍കുട്ടിയുമായി അശ്ലീല ചാറ്റ് നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അതേസമയം, കേസെടുത്തതിന് പിന്നാലെ അദ്ധ്യാപകന്‍ ഒളിവില്‍ പോയിരിക്കുകയാണ്.

ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നില്‍ ഉസ്മാന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അശ്ലീല ചാറ്റിംഗിലൂടെ അദ്ധ്യാപകന്‍ പിന്തുടരുകയായിരുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഇത് മനസിലായത്. ഇത് സംബന്ധിച്ച വിവരം സ്‌കൂള്‍ പ്രിന്‍സിപ്പാളിനും കൈമാറിയിട്ടുണ്ട്.

കുട്ടി ആത്മഹത്യ ചെയ്ത രാത്രിയും അദ്ധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നും കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയോട് ആത്മഹത്യ ചെയ്യാന്‍ അദ്ധ്യപകന്‍ പറയുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ഉസ്മാനെതിരെ പോക്സോയും ബാലനീതി വകുപ്പും ചുമത്തി മേല്‍പ്പറമ്പ് പോലീസ് കേസെടുത്തു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

മറ്റൊരു സംഭവത്തില്‍ വാളയാറില്‍ ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചന്ദ്രാപുരം സ്വദേശി ഷമീറിനെയാണ് വാളയാര്‍ പൊലീസ് പിടികൂടിയത്. പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നല്‍കിയും വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ വീട്ടിലും വാളയാര്‍ ഡാം പരിസരത്തുമായായിരുന്നു ലൈംഗിക ചൂഷണം നടന്നത്.

ഇതിനിടെ ഗര്‍ഭിണിയെന്ന് മനസിലാക്കിയതോടെ ഷമീര്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറി. ഇതിനിടെ തമിഴ്‌നാട്ടിലെത്തിച്ച് ഗര്‍ഭം അലസിപ്പിക്കാനും നീക്കമുണ്ടായി. യുവതിയും കുടുംബവും ഇതിന് വഴങ്ങാതെ വന്നതോടെ നാടുവിട്ട് പോകാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

പിന്നാലെ യുവതി വാളയാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ പ്രസവിച്ച യുവതിയോട് കുഞ്ഞിനെ തമിഴ്‌നാട്ടില്‍ ഉപേക്ഷിച്ച് വന്നാല്‍ ഒരുലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞതായും മൊഴിയുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ ജോലി സ്ഥലത്ത് നിന്നും ഷമീറിനെ വിളിച്ചുവരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.