സ്‌കൂളിലെ പരാതിപ്പെട്ടിയിൽ അധ്യാപകനെതിരേ 16 പീഡനപരാതികൾ; പോക്‌സോ കേസ്, പ്രതി ഒളിവിൽ

മലപ്പുറം: കരുളായിയില്‍ സ്‌കൂള്‍ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ഥികളുടെ പരാതിപ്രളയം. വല്ലപ്പുഴ സ്വദേശിയും കരുളായിയില്‍ സ്‌കൂള്‍ അധ്യാപകനുമായ നൗഷാര്‍ ഖാനെതിരേയാണ് വിദ്യാര്‍ഥികളുടെ കൂട്ടപരാതി കിട്ടിയത്. സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിച്ചതോടെ പൂക്കോട്ടുംപാടം പോലീസ് അധ്യാപകനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

സ്‌കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചതോടെയാണ് 16 പീഡനപരാതികള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ലഭിച്ചത്. ഇതെല്ലാം അധ്യാപകനായ നൗഷാര്‍ ഖാന് എതിരേയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പോലീസില്‍ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.

നിലവില്‍ ഒരുവിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂലായ് 20-ാം തീയതി അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഈ വിദ്യാര്‍ഥി നല്‍കിയ മൊഴി.

അതേസമയം, പോലീസ് കേസെടുത്തതോടെ അധ്യാപകനായ നൗഷാര്‍ ഖാന്‍ ഒളിവില്‍പോയിരിക്കുകയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News