മലപ്പുറം: 11കാരിയെ പീഡിപ്പിച്ച പോക്‌സോ കേസിൽ പ്രതിക്ക് 80 വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും. മഞ്ചേരി സ്വദേശിയായ നൗഫൽ എന്ന മുന്ന (38)യെയാണ് മഞ്ചേരി സ്‌പെഷ്യൽ ഫസ്റ്റ് കോടതി ജഡ്ജി രാജേഷ് 80 വർഷം തടവിനും 3 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. 2021 ജൂൺ മാസത്തിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. മലപ്പുറം ജില്ലയിൽ തന്നെ ആദ്യമായാണ് ഒരു പ്രതിയെ കസ്റ്റഡി കാലയളവിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നത്.
2021 ഏപ്രിൽ 19 മുതൽ ജൂൺ 10 വരെയുള്ള കാലയളവിൽ പലതവണ കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പ്രതി പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയാണ്. കുട്ടിയുടെ വീട്ടിലേക്ക് രാത്രി അതിക്രമിച്ചു കയറിയാണ് ആദ്യം പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തത്. പിന്നീട് പലതവണ ആവർത്തിച്ചു. മറ്റൊരു ദിവസം പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയി പീഡിപ്പിച്ചു. കുട്ടിയുടെ പിതൃ സഹോദരന്റെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്തു കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.
പകൽ സമയങ്ങളിൽ കുട്ടി അസാധാരണമായി ഉറങ്ങുന്നതും പലപ്പോഴും തനിച്ചിരുന്ന് ആലോചനയിൽ മുഴുകുന്നതും ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ കുട്ടിയെ ഡോക്ടറെ കാണിക്കുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാതാവ് കുട്ടിയെ ചോദ്യം ചെയ്തതിലാണ് പീഡന വിവരം പുറത്തായത്. കുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേരി പോലീസ് ഇൻസ്പെക്ടറായിരുന്ന കെ പി അഭിലാഷാണ് 2021 ജൂൺ ആറിന് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തിയതും.
പിന്നീട് പോലീസ് ഇൻസ്പെക്ടറായി എത്തിയ സി അലവി തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. ഈ കേസിന്റെ അന്വേഷണത്തിൽ മഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹരിലാൽ പി അന്വേഷണ ഉദ്യോഗസ്ഥരെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് സോമ സുന്ദരം ഹാജരായി.