ന്യൂഡൽഹി: ഇന്ത്യയുണ്ടായത് 1947 ൽ അല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ വസതിയിൽ മുതിർന്ന സിഖ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്.
‘ഇന്ത്യ പിറന്നത് 1947ൽ അല്ല. നമ്മുടെ ഗുരുക്കൻമാർ ഒരുപാട് ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് നാം വലിയ പീഡനങ്ങളാണ് ഏറ്റുവാങ്ങിയത്. അക്കാലത്ത് ഞാൻ ഒളിവിലായിരുന്നു. സിഖുകാരുടെ വേഷം ധരിച്ചായിരുന്നു അക്കാലത്ത് ഞാൻ ഒളിച്ചു കഴിഞ്ഞിരുന്നത്’, പ്രധാനമന്ത്രി സിഖ് നേതാക്കളോട് പറഞ്ഞു.
1947-ലെ വിഭജനകാലത്ത് സിഖ് ആരാധനാലയമായ കർതാർപുർ സാഹിബ് ഗുരുദ്വാരയെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പഞ്ചാബിൽ നിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള ഗുരുദ്വാരയെ ഇന്ത്യയിൽ നിലനിർത്താനായി പാകിസ്താനുമായി ധാരണയിലെത്താൻ അവർക്കായില്ല.
നയതതന്ത്ര ബന്ധങ്ങളുപയോഗിച്ച് താൻ അതിനായി ശ്രമിച്ചു. പഞ്ചാബിൽ വരുമ്പോഴെല്ലാം ദൂരദർശിനിയിലൂടെ താൻ ഗുരുദ്വാരയിലേക്ക് നോക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ എന്തെങ്കിലും ചെയ്യണമെന്ന് തന്റെ മനസ്സ് പറഞ്ഞു. ഗുരുക്കൻമാരുടെ അനുഗ്രഹത്താൽ അക്കാര്യത്തിൽ തീരുമാനമുണ്ടാക്കാൻ നമുക്ക് കഴിഞ്ഞു. ദൈവാനുഗ്രഹമില്ലായിരുന്നെങ്കിൽ നമുക്കത് സാധിക്കില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച കാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സിഖ് നേതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ച പ്രധാനമന്ത്രി അവരെ ഷാൾ പുതപ്പിച്ച് ആദരിക്കുകയും ചെയ്തു.
A very special interaction with the Sant Samaj and distinguished members of the Sikh community. pic.twitter.com/vjCTJ3wMW3
— Narendra Modi (@narendramodi) February 18, 2022