തിരുവനന്തപുരം: പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വാക്പോരുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും. ഗർഭഛിദ്രവിവാദത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമാകാനൊരുങ്ങുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പിഎംശ്രീ വിഷയത്തിൽ വി. ശിവൻകുട്ടിക്കെതിരേ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫെയ്സ്ബുക്കിൽ ഇരുവരും വാക്പോരുമായി രംഗത്തെത്തിയത്.
പത്ര സമ്മേളനം കണ്ടെപ്പോൾ മനസ്സിലായത്, ശിവൻകുട്ടിയല്ല, ലക്ഷണമൊത്ത സംഘിക്കുട്ടിയാണ് എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ‘നേമത്ത് ബിജെപി എംഎൽഎ തോറ്റെന്ന് ആരാണ് പറഞ്ഞത്. ശ്രീ പിഎം എംഎൽഎ സംഘിക്കുട്ടി’ എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഇതിന് മറുപടിയുമായി മന്ത്രി രംഗത്തെത്തി. ‘ഒരു കൂട്ടത്തിന് എന്റെ പേരിലെ ‘കുട്ടി’ എന്ന് കേട്ടപ്പോൾ ആണത്രേ ഹാലിളകിയത്’ എന്നായിരുന്നു ശിവൻകുട്ടിയുടെ പോസ്റ്റ്. ഗർഭഛിദ്ര വിവാദവുമായി ബന്ധപ്പെടുത്തിയായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ശിവൻകുട്ടിയുടെ കടന്നാക്രമണം എന്ന് പോസ്റ്റിന് പിന്നാലെ കമന്റുകളിൽ നിറഞ്ഞു. ഇതിന് മറുപടിയുമായി വീണ്ടും മാങ്കൂട്ടത്തിൽ രംഗത്തെത്തി.
‘കുട്ടി ആണെന്നുള്ളതല്ല, സംഘികൾ കീ കൊടുക്കുമ്പോൾ ഹാലിളകി ഓടുന്ന പാവക്കുട്ടി ആണെന്നുള്ളതാണ് പ്രശ്നം’ എന്നായിരുന്നു രാഹുലിന്റെ പോസ്റ്റ്.
പിഎംശ്രീയുമായി ബന്ധപ്പെട്ടുയരുന്ന വിവാദത്തിൽ, എല്ലാക്കാലത്തും ഒരേ നയത്തിൽ നിൽക്കാനാവില്ലെന്നും ദേശീയ വിദ്യാഭ്യാസനയ (എൻഇപി) ത്തിന്റെ പേരിൽ കോടിക്കണക്കിനു രൂപ നഷ്ടപ്പെടാൻ കേരളം ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു മന്ത്രി വി. ശിവൻകുട്ടി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞത്. എൻഇപി അംഗീകരിക്കില്ലെന്നു നിലപാടെടുത്തെങ്കിലും ലോകാവസാനംവരെ അതു തുടരണമെന്നില്ല. പിഎംശ്രീ സ്കൂൾ പദ്ധതിയിൽ ഒപ്പിട്ടതിനെ ന്യായീകരിച്ച മന്ത്രി, ഒരുവേളയിൽ എൻഇപിക്ക് എന്താണ് കുഴപ്പമെന്നും മാധ്യമങ്ങളോടു ചോദിച്ചു.


