കോലാര്‍ : കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയ വിഷപ്പാമ്പ് പരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി വിഷപ്പാമ്പിനെപ്പോലെയാണെന്നായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം. എന്നാല്‍ താന്‍ പാമ്പിനെപ്പോലെ തന്നെയാണെന്ന് കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ ശക്തമാക്കുന്നതിനും അഴിമതി മുക്തമാക്കുന്നതിനും എന്റെ സര്‍ക്കാര്‍ കഠിനാധ്വാനം ചെയ്യുകയാണ്. എന്നാല്‍ കോണ്‍ഗ്രസിന് അത് ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടാണ് അവര്‍ എന്നെ വിഷപ്പാമ്പെന്ന് വിളിക്കുന്നു. എന്നാല്‍ എനിക്ക് പറയാനുള്ളത് ഈശ്വരന്റെ കഴുത്തിലാണ് പാമ്പ് ഉള്ളത് എന്നകാര്യമാണ്. രാജ്യത്തെ ജനങ്ങള്‍ എനിക്ക് ഈശ്വരന് തുല്യമാണ്. അതിനാല്‍ അവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുന്ന പാമ്പ് തന്നെയാണ് ഞാന്‍ – പ്രധാനമന്ത്രി മോദി പറഞ്ഞു. മെയ് പതിമൂന്നിന് കര്‍ണാടകയിലെ ജനങ്ങള്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
85 ശതമാനം കമ്മീഷന്‍ വാങ്ങുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. അവരുടെ പ്രധാനമന്ത്രിതന്നെ അക്കാര്യം ഒരിക്കല്‍ അംഗീകരിച്ചിട്ടുള്ളതാണ്. കര്‍ണാടകയില്‍ അധികാരത്തിലെത്താനും കൊള്ളനടത്താനും അവര്‍ കഠിനമായി പരിശ്രമിക്കുകയാണ്. എന്നാല്‍ അതൊന്നും നടക്കാന്‍ പോകുന്നില്ല. ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ക്ക് നന്നായറിയാം. കോലാറിലെ ജനം കോണ്‍ഗ്രസിനും ജെ.ഡി.എസ്സിനും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകയിലെ കലബുറഗിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പ്രധാനമന്ത്രി മോദി വിഷപ്പാമ്പിനെപ്പോലെ ആണെന്നും, അക്കാര്യം സ്ഥിരീകരിക്കുന്നതിനായി ഒന്ന് നക്കി നോക്കിയാല്‍ മരണം സംഭവിക്കുമെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ഖാര്‍ഗെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി മോദിയെ ഉദ്ദേശിച്ചല്ല വിഷപ്പാമ്പ് പരാമര്‍ശം നടത്തിയതെന്ന് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ബി.ജെ.പിയുടെ ആശയം വിഷമുള്ളതാണ് എന്നാണ് താന്‍ ഉദ്ദേശിച്ചത്. പ്രധാനമന്ത്രി മോദിക്കെതിരെ വ്യക്തിപരമായ ആക്രമണമല്ല ഉദ്ദേശിച്ചത്. ബിജെപിയുടെ ആശയങ്ങളില്‍ കൈവെക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ വിഷബാധയേറ്റ് മരിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഖാര്‍ഗെ അവകാശപ്പെട്ടിരുന്നു.