'ചാമ്പ്യൻമാരിൽ ചാമ്പ്യൻ, കൂടുതൽ ശക്തയായി തിരിച്ചുവരിക'; ഫോഗട്ടിന് പിന്തുണയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യക്കായി സ്വര്‍ണമെഡലിനായി ഫൈനലില്‍ മത്സരിക്കാനിരിക്കെ ഭാരപരിശോധനയിൽ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ് വിനേഷ് ഫോഗട്ട് എന്നും ഇപ്പോഴത്തെ തിരിച്ചടി വേദനാജനകമാണെന്നും മോദി ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'വിനേഷ്, നീ ചാമ്പ്യന്‍മാരില്‍ ചാമ്പ്യനാണ്! നീ ഇന്ത്യക്കാരുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ തിരിച്ചടി വേദനാജനകമാണ്. വാക്കുകളില്‍ക്കൂടി ഇതിലുള്ള നിരാശ പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതേസമയം, നീ സഹിഷ്ണുതയുടെ പ്രതീകമാണ്. വെല്ലുവിളികളെ ധീരതയോടെ നേരിടുകയെന്നതായിരുന്നു എന്നും നിന്റെ പ്രകൃതം. കൂടുതല്‍ ശക്തയായി തിരിച്ചുവരിക! ഞങ്ങളെല്ലാവരും നിന്റെ കൂടെയുണ്ട്', മോദി കുറിച്ചു.

സ്വര്‍ണ മെഡലിനായി ഫൈനലില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയായത്. അനുവദനീയമായതിനേക്കാൾ 100 ഗ്രാം ഭാരം അധികമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്‌. ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്ക് നടക്കേണ്ട ഫൈനലില്‍ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്.

പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിമ്പിക് ചാമ്പ്യനും നാലുവട്ടം ലോകചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ അട്ടിമറിച്ചാണ് പാരീസില്‍ വിനേഷ് പോരാട്ടത്തിനുതുടക്കമിട്ടത്. ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യനായ ഒക്‌സാന ലിവാച്ചിനെയാണ് കീഴടക്കിയത്. സെമിഫൈനലില്‍ ക്യൂബയുടെ ഗുസ്മാന്‍ ലോപ്പസ് യുസ്നിലിസിനെയും കീഴടക്കിയിരുന്നു.

സാധാരണയായി 53 കിലോഗ്രാം വിഭാഗത്തിലാണ് ഫോഗട്ട് മത്സരിച്ചിരുന്നത്. എന്നാല്‍ പാരീസ് ഒളിമ്പിക്സില്‍ അവര്‍ക്ക് 50 കിലോഗ്രാമിലാണ് യോഗ്യത ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News