ഇസ്ലാമാബാദ്: വിവാഹത്തിൽ മതനിയമ ലംഘനം ചൂണ്ടിക്കാട്ടി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയ്ക്കും ഏഴുവർഷം തടവും പിഴയും ശിക്ഷ. ഇമ്രാൻ ഖാന്റെ മൂന്നാം ഭാര്യ ബുഷ്റയുടെ ആദ്യ ഭർത്താവ് ഖവാർ മനേക നൽകിയ പരാതിയിലാണ് ഇരുവർക്കുമെതിരേ ശിക്ഷവിധിച്ചത്.
ബുഷ്റ ഇസ്ലാമിക നിയമം തെറ്റിച്ചുവെന്നാരോപിച്ചായിരുന്നു ആദ്യഭർത്താവ് പരാതി നൽകിയത്. ഇരുവിവാഹത്തിനും ഇടയിൽ നിർബന്ധമായും പാലിച്ചിരിക്കേണ്ട മതനിയമം അനുസരിച്ചില്ലെന്നും ഇമ്രാൻ ഖാനും ബുഷ്റയും തമ്മിൽ വിവാഹത്തിന് മുമ്പ് തന്നെ ബന്ധമുണ്ടായിരുന്നുവെന്നും ഇസ്ലാമിക നിയമപ്രകാരം ഇരുവരേയും ശിക്ഷിക്കണമെന്നും മനേക കോടതിയിൽ ആവശ്യപ്പെട്ടു.
റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ വെച്ചായിരുന്നു 14 മണിക്കൂർ നീണ്ട വാദം. തുടർന്ന് മുതിർന്ന ജഡ്ജ് ഖുദ്റത്തുള്ള ശിക്ഷവിധിക്കുകയായിരുന്നുവെന്നാണ് ജിയോ ന്യൂസ് ടിവി നെറ്റ്‌വര്‍ർക്ക് റിപ്പോർട്ട് ചെയ്യുന്നത്. ഇരുവർക്കും അഞ്ച് ലക്ഷം രൂപ വീതം പിഴ വിധിക്കുകയും ചെയ്തു.
ബുഷ്റ ബീബിയുടെ ആദ്യ ഭര്‍ത്താവും പാകിസ്താനിലെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകനും കൂടിയായ ഖവാര്‍ മനേകയാണ് കേസ് നൽകിയത്. 28 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം 2017-ലാണ് ഇരുവരും വിവാഹമോചിതരായത്. നിയമപ്രകാരം വിവാഹമോചനത്തിന് ശേഷം നിശ്ചിതസമയം കഴിഞ്ഞാലേ സ്ത്രീക്ക് വീണ്ടും വിവാഹം കഴിക്കാന്‍ സാധിക്കുകയുള്ളു. എന്നാല്‍ ഈ സമയം പൂര്‍ത്തിയാകുന്നതിന് മുമ്പ് ബുഷ്‌റ രണ്ടാം വിവാഹം കഴിച്ചു എന്നതാണ് മനേക പരാതിയിൽ ആരോപിക്കുന്നത്.
കേസിൽ വിധി പ്രസ്താവിക്കുമ്പോൾ ഇരുവരും കോടതിയിൽ ഹാജരായിരുന്നു. ഇമ്രാൻ ഖാനെ സൈഫർ കേസിൽ നേരത്തെ 10 വർഷം തടവിനും തോഷഖാന കേസിൽ ഇരുവര്‍ക്കും 14 വർഷം തടവിനും ശിക്ഷിച്ചിരുന്നു. തോഷഖാന കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് 5നായിരുന്നു ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തത്.