കോഴിക്കോട്: പ്രവേശന പരീക്ഷാ യോഗ്യത ഇല്ലാത്ത വിദ്യാർത്ഥിനി എംബിബിഎസ് ക്ലാസിൽ ഇരുന്ന സംഭവത്തിൽ കോഴ്സ് കോർഡിനേറ്ററോടും മൂന്ന് വകുപ്പ് മേധാവികളോടും വിശദീകരണം തേടിയിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ജി. സജിത്ത് കുമാർ.
ആദ്യ അലോട്ട്മെൻ്റിൽ മൂന്ന് ദിവസം വിദ്യാർത്ഥികളുടെ രേഖകളെല്ലാം പരിശോധിച്ചാണ് പ്രവേശനം നൽകിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സെക്ഷൻ ക്ലർക്കുമാരും കോളേജ് അധികൃതരും ചേർന്ന് രേഖകൾ എല്ലാം പരിശോധിച്ചിരുന്നു. പിന്നീട് നടന്ന സെക്കന്റ് അലോട്ട്മെന്റിൽ 49 കുട്ടികളാണ് പ്രവേശനം നേടിയത്. ഇനി നാല് പേർ കൂടി പ്രവേശനം നേടാനുണ്ട്. തിങ്കാളാഴ്ച ദിവസം ആയതിനാലും ക്ലാസുകൾ തുടങ്ങാൻ സമയമായതിനാലും എത്തിയ എല്ലാ കുട്ടികളെയും ക്ലാസിൽ കയറ്റുകയും ഹാജർ പട്ടികയിൽ ചേർക്കുകയും ചെയ്തിരുന്നു.
എല്ലാ കുട്ടികളുടെയും അഡ്മിറ്റ് കാർഡ് പരിശോധിക്കാൻ സമയംകിട്ടിയില്ല. പല കുട്ടികളും വീട്ടിൽനിന്ന് നേരിട്ട് വന്നതിനാൽ അഡ്മിറ്റ് കാർഡ് എടുക്കാൻ വിട്ടുപോയെന്നും പറഞ്ഞിരുന്നു. ഹാജർ പട്ടിക പരിശോധിച്ചപ്പോളാണ് 245 പകരം 246 കുട്ടികളുടെ പേരുകൾ കണ്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ പൊലീസിൽ വിവരം അറിയിച്ചെന്നും അതിന് ശേഷം കുട്ടിയെ കോളേജിൽ കണ്ടിട്ടില്ലെന്നും കോളേജ് അധികൃതർ പറഞ്ഞു.
പ്രവേശന നടപടികൾ നടക്കുന്ന ദിവസവും കുട്ടി എത്തിയിരുന്നില്ലെന്നും വൈസ് പ്രിൻസിപ്പൾ പറഞ്ഞു. വിവരങ്ങൾ ഡിഎംഇയെ അറിയിച്ചിട്ടുണ്ടെന്നും മറ്റുനടപടികൾ ഡിഎംഇ സ്വീകരിക്കുമെന്നും കോളേജ് അധികൃതർ പറഞ്ഞു. അഡ്മിറ്റ് കാർഡ് വെച്ചു മാത്രമേ ഇനി പ്രവേശനം നൽകാവൂ എന്ന് കർശന നിർദ്ദേശം നൽകിയതായും വൈസ് പ്രിൻസിപ്പൽ അറിയിച്ചു.