കൊച്ചി ∙ ‘‘പൈസയൊണ്ട്!, സാധനം കിട്ടുന്നില്ല… അതാണ് പ്രശ്നം.. ഇവിടെയൊക്കെ നാടനാണ്..’’ പ്ലസ്ടു മാത്രം കഴിഞ്ഞ, പ്രായപൂർത്തിയായിട്ടില്ലെന്നു കരുതുന്ന തൃശൂർ സ്വദേശിനിയുടേതാണ് പരിഭവം ‘‘ഫോർട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കിൽ കോതമംഗലം വരെ പോകൂ’’ – കഞ്ചാവു ലഭിക്കാൻ കോതമംഗലത്തേക്കു പോകാൻ ഉപദേശിക്കുന്നത് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗർ. ചെറിയ കുട്ടികൾ പോലും എത്രത്തോളം ലഹരിക്ക് അടിമയാണെന്നു വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. പ്ലസ്ടു കാരി എന്നു പറഞ്ഞു ചെറുതാക്കണ്ട, ‘‘നമ്മൾ ജയിലിലായിരുന്നടേ.. അതറിയാമോ നിങ്ങൾക്ക്..’’ എന്നു പെൺകുട്ടി തന്നെ വിഡിയോയിൽ പറയുന്നുണ്ട്.
സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുന്ന വിഡിയോ കണ്ടെന്നും കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടക്കുകയാണെന്നും തൃശൂർ റൂറൽ എസ്പി ഐശ്വര്യ ഡോങ്റെ പറഞ്ഞു.
‘‘തൃശൂരാണ്..’’ എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയിൽ, ആൺകുട്ടിയോടോ പെൺകുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗർ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു പേർ കൂടിയുണ്ടെങ്കിലും ഇരുവരും സംസാരിച്ചു തുടങ്ങുമ്പോൾ അവർ ഗ്രൂപ്പ് ചാറ്റിൽനിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. പെൺകുട്ടിയാണെന്നു പറഞ്ഞപ്പോൾ വ്ലോഗർക്കും അതിശയം. എന്തൊക്കെയാണ് പരിപാടിയെന്ന പെൺകുട്ടിയുടെ ചോദ്യത്തിന് ‘‘24X7 പൊകയടി’’ എന്നു വ്ലോഗർ. തിരിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും അതു തന്നെ.. ‘‘പ്ലസ്ടു കഴിഞ്ഞു.. ഇപ്പം പോങ്കൊക്കെയടിച്ച് ഇങ്ങനെ നടക്കുന്നു.. വേറെ എന്ത് പരിപാടി..’’ – എന്നു പെൺകുട്ടി.
പ്ലസ്ടൂകാരിയുടെ പുകയടി വിശേഷം കേട്ട് ആദ്യം വ്ലോഗർ ഞെട്ടുന്നുണ്ടെങ്കിലും ഗോ ഗ്രീൻ എന്നു പ്രോൽസാഹിപ്പിക്കുന്നുണ്ട്. പുകയടിക്കുന്ന കാര്യം അമ്മയ്ക്കറിയാമെന്നും വഴക്കു പറയുമ്പോൾ നോ മൈൻഡ്.. എന്നു പെൺകുട്ടി. ‘‘പച്ചക്കറിയാണ്.. ഇത്.. വെജിറ്റബിളാണ്’’ എന്നു വ്ലോഗറുടെ ന്യായീകരണം. കഞ്ചാവടിച്ചാലും സിഗരറ്റ് വലിക്കരുതെന്ന ഉപദേശം നൽകുന്നുണ്ട്.
‘‘നിങ്ങളെ കാണണമെന്നു ഭയങ്കര ആഗ്രഹമാണ്..’’ എന്നു പെൺകുട്ടി പറയുമ്പോൾ ‘‘നാട്ടിൽ വരും.. അന്നേരം ഒരുമിച്ച് ഇരുന്ന് അടിക്കാം.’’ എന്ന് വ്ലോഗർ. ‘‘വീട്ടിൽനിന്ന് ഇറങ്ങിപ്പോയതായിരുന്നെന്നും സുഹൃത്തുക്കൾക്കൊപ്പം കണ്ണൂരായിരുന്നെന്നും പെൺകുട്ടി പറയുന്നു. ഒരു സുഹൃത്തിനൊപ്പം കഞ്ചാവു വിൽക്കാൻ പോയപ്പോൾ പിടിയിലായി കുറച്ചുകാലം ജയിലിൽ കിടന്നെന്നും പപ്പ ഇറക്കിയെന്നും പെൺകുട്ടി പറയുന്നു. പപ്പ ആർമിയിലാണ്. ഇപ്പോൾ വീട്ടിലാരും തന്നോടു മിണ്ടുന്നില്ലെന്നും അവർ പോയി പണി നോക്കട്ടെയെന്നും പെൺകുട്ടി പറയുന്നു.