തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 20 ശതമാനം അധികം സീറ്റ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അധിക സീറ്റ് അനുവദിച്ചത്. എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബഡ്സ് സ്കൂള്‍ ഫോര്‍ ദ ഹിയറിംഗ് ഇംപയേര്ഡില് അനുവദിക്കപ്പെട്ട 18 തസ്തികകള്‍ക്ക് പുറമേ അസിസ്റ്റന്റ് ടീച്ചര്‍ 2, സ്പീച്ച് തെറാപ്പിസ്റ്റ്1, മേട്രന്1, കുക്ക്1 (ദിവസവേതനാടിസ്ഥാനത്തില്‍)എന്നീ തസ്തികകളും സൃഷ്ടിക്കും.
ഇത്തവണ റിക്കാർഡ് വിജയമാണ് പത്താം ക്ലാസിലുണ്ടായിരിക്കുന്നത്. അതിനാൽ തുടർ പഠനത്തിന് അർഹരായ എല്ലാവർക്കും അവസരം ലഭിക്കില്ലെന്ന ഭീതിയുണ്ടായിരുന്നു. പത്താം ക്ലാസ് വിജയിച്ച എല്ലാവർക്കും പ്ലസ് വണ്‍ പ്രവേശനം സാധ്യമാകില്ലെന്നും സീറ്റുകൾ വർധിപ്പിക്കണമെന്നും വ്യാപകമായി ആവശ്യമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
2016 ജനുവരി 20ലെ പത്താം ശമ്പളകമ്മീഷന് ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാര്‍ക്കു കൂടി ലഭ്യമാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.