പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; അലോട്ട്‌മെന്റ് പട്ടിക ഓണ്‍ലൈനില്‍ ലോഗിന്‍ ചെയ്യാന്‍ തടസം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് പട്ടിക ഓണ്‍ലൈനില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാര്‍ഥികള്‍. അലോട്ട്‌മെന്റ് വിവരങ്ങള്‍ക്ക് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഹയര്‍ സെക്കന്‍ഡറി പ്രവേശനം നാളെ രാവിലെ 9നും വി.എച്ച്.എസ്.ഇ പ്രവേശനം 10നും തുടങ്ങും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട്‌മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളില്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കേറ്റുകളുമായി ഹാജരാകണം.

ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ക്ക് ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താല്‍ക്കാലികക്കാര്‍ക്ക് വേണ്ടിവന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളില്‍ ചിലത് റദ്ദാക്കാം.

എന്നാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കൊറോണ മാനദണ്ഡം കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവേശനം. ഒരു വിദ്യാര്‍ത്ഥിയുടെ പ്രവേശന നടപടികള്‍പൂര്‍ത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്. വി.എച്ച്.എസ്.ഇ പ്രവേശനം 29നും ഹയര്‍ സെക്കന്‍ഡറി പ്രവേശനം ഒക്ടോബര്‍ ഒന്നിനും അവസാനിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News