പ്ലസ് വൺ ഏകജാലകം പ്രവേശന നടപടികളുടെ അപേക്ഷാ സമയത്ത് തെറ്റായ മൊബൈൽ നമ്പർ നൽകിയ വിദ്യാർത്ഥികൾക്ക് നമ്പർ തിരുത്താൻ അവസരം. അപേക്ഷ സമയത്ത് അപേക്ഷകർ രണ്ട് സ്ഥലത്താണ് മൊബൈൽ നമ്പർ നൽകേണ്ടത്. തെറ്റായ നമ്പർ നൽകിയവർക്ക് ഒ.ടി.പി ഉണ്ടാക്കി ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ് വേർഡ് സൃഷ്ടിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ അത്തരം അപേക്ഷകർക്ക് ശരിയായ മൊബൈൽ നമ്പർ നൽകുന്നതിനും അപേക്ഷിച്ചതിന് ശേഷം നമ്പർ മാറിയിട്ടുണ്ടങ്കിൽ പുതിയ നമ്പർ നൽകുന്നതിനും പൊതുവിദ്യാഭ്യാസ ഡയറക്ടർ പുതിയ സർക്കുലർ ഇറക്കി. ഓഗസ്റ്റ് 20 വരെയാണ് സമയം അനുവദിച്ചത്.
അപേക്ഷകർ അപേക്ഷ നമ്പർ, രജിസ്റ്റർ നമ്പർ, പാസായവർഷം, ജനന തിയതി, ശരിയായ മൊബൈൽ നമ്പർ, അപേക്ഷകനും രക്ഷിതാവും ഒപ്പിട്ട അപേക്ഷ എന്നിവ സ്‌കാൻ ചെയ്ത് [email protected] എന്ന ഇ മെയിലിൽ അയക്കണം. മെയിലിൽ വരുന്ന മറുപടി അനുസരിച്ച് അപേക്ഷ തിരുത്തൽ വരുത്തുന്നതിനും ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്ത് പാസ് വേർഡ് ഉണ്ടാക്കുന്നതിനും സാധിക്കും. അപേക്ഷയിൽ ശരിയായ വിവരങ്ങൾ നൽകിയവർ ട്രയൽ അലോട്ട്‌മെൻറ് വരുന്ന ആഗസ്റ്റ് 24ന് മുമ്പ് ക്യാൻഡിഡേറ്റ് ലോഗിൻ നടത്തി പാസ് വേർഡ് ഉണ്ടാക്കിയിരിക്കണം. തുടർന്ന് വരുന്ന എല്ലാ പ്രക്രിയകൾക്കും ഈ പാസ്വേഡാണ് ഉപയോഗിക്കേണ്ടത്. എങ്കിൽ മാത്രമേ ട്രയൽ അലോട്ട്‌മെന്റ് പരിശോധന, ഓപ്ഷൻ മാറ്റൽ, സ്‌കൂൾ പുന:ക്രമീകരണം, പ്രവേശന സ്ലിപ്പ് ഡൗൺലോഡ് ചെയ്യൽ, ഫീസ് അടക്കൽ എന്നിവ സാധ്യമാകൂ.
ക്യാൻഡിഡേറ്റ് ലോഗിൻ നടത്തി പാസ് വേർഡ് കരസ്ഥമാക്കാത്തവർക്ക് മുഖ്യ അലോട്ട്‌മെന്റുകളിൽ പ്രവേശനം ലഭിക്കില്ല. ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂൾ, എസ് എസ് കെ, ബി.ആർസി, യൂ ആർ സി, സന്നദ്ധ സംഘടനകൾ എന്നിവയിലെ ഹെൽപ് ഡെസ്‌കുകളെ സമീപിക്കേണ്ടതാണെന്ന് ഹയർ സെക്കന്ററി അക്കാദമിക് കോർഡിനേറ്റർ വി.എം.കരീം അറിയിച്ചു.