തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാണ്ട് ചെയ്തു.തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.ഇപി ഇല്ലായിരുന്നെങ്കിൽ മുഖ്യമന്ത്രി ആശുപത്രിയിലാകുമായിരുന്നു.പ്രതികളെ റിമാൻഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം ചോദിച്ചു.വധശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇ പി ജയരാജൻ്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.പ്രതികളെ പുറത്തു വിട്ടാൽ തെറ്റായ സന്ദേശമെന്ന് പ്രോസിക്യുഷൻ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ജയിലിൽ അടയ്ക്കുന്നതാണ് തെറ്റായ സന്ദേശമെന്ന് പ്രതിഭാഗം വാദിച്ചു. വാദപ്രതിവാദങ്ങൾ ഒന്നര മണിക്കൂറോളം നീണ്ടു. തുടര്‍ന്നാണ് പ്രതികളെ 27 വരെ റിമാൻഡ് ചെയ്തത്.. ജാമ്യ ഹര്‍ജിയില്‍ നാളെ വാദം നടക്കും.
ഇൻഡിഗോ വിമാനത്തിൽ വച്ചുണ്ടായ സംഘർഷത്തെ കുറിച്ചുള്ള വിശദാംശങ്ങൾ എൽഡിഎഫ് നേതാക്കളുമായി പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ഇന്ന് തിരുവനന്തപുരം എകെജി സെന്ററിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി വിമാനത്തിലെ സംഭവങ്ങളെക്കുറിച്ച് പറഞ്ഞത്. തനിക്ക് നേരെ വന്നവരെ തടയാൻ വേണ്ടി ഇപി ജയരാജൻ പ്രതിരോധം തീർക്കുകയായിരുന്നുവെന്ന് പുറത്തു വന്ന വീഡിയോയിലെ രംഗങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഇടത് നേതാക്കളോട് വിശദീകരിച്ചു.
അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്ക് നേരെ ഉയർന്ന ആരോപണങ്ങളെ നേരിടാൻ എൽഡിഎഫ് ഇറങ്ങുന്നു. ഇന്ന് തിരുവനന്തപുരത്ത് എകെജി സെൻ്ററിൽ ചേർന്ന എൽഡിഎഫ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.സ്വർണക്കടത്ത് കേസിലെ പുതിയ നീക്കങ്ങളിൽ പാർട്ടിയുടേയും മുന്നണിയുടേയും നിലപാട് ജനങ്ങളോട് വിശദീകരിക്കാനാണ് എൽഡിഎഫ് തീരുമാനം. ഇതിനായി ഈ മാസം 21 മുതൽ രാഷ്ട്രീയവിശദീകരണ യോഗങ്ങൾ വിളിച്ചു ചേർക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതിനായി രാഷ്ട്രീയ വിശദീകരണ യോഗങ്ങളും റാലികളും വിളിച്ചു ചേർക്കും.
മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ പ്രതികളെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തു.. അതേസമയം വിമാനത്തിൽ വച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ കഴുത്തുഞ്ഞെരിച്ചു മർദ്ദിച്ചുവെന്ന് കോടതിയോട് ഒന്നാം പ്രതി ഫർ സിൻ മജീദ് പറഞ്ഞു.