പൈലറ്റ് ശുചിമുറിയിൽ പോയതിനിടെ സഹപൈലറ്റ് കുഴഞ്ഞുവീണു; വിമാനം തനിയെ പറന്നത് 10 മിനിറ്റ്, പിന്നെ സംഭവിച്ചത്

ബർലിൻ∙ സഹപൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് വിമാനം ആകാശത്ത് തനിയ പറന്നത് 10 മിനിറ്റ്. ലുഫ്താൻസ എയർലൈൻസിന്റെ വിമാനമാണ് 10 മിനിറ്റ് നേരം ആകാശത്ത് പറന്നത്. വിമാനത്തിൽ 199 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ‍2024 ഫെബ്രുവരി 17ന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് സ്പാനിഷ് വിമാന അതോറിറ്റിയുടെ അന്വേഷണത്തിനിടെ പുറത്തുവന്നത്. 

ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സ്പെയിനിലെ സെവില്ലിലേക്ക് പോകുകയായിരുന്നു ലുഫ്താൻസ വിമാനം. പൈലറ്റ് ശുചിമുറിയിൽ പോയ സമയത്ത് കോക്ക്പിറ്റിൽ വച്ച് സഹപൈലറ്റ് ബോധരഹിതനാകുകയായിരുന്നു. തുടർന്ന് 10 മിനിറ്റ് നേരം പൈലറ്റിന്റെ നിയന്ത്രണത്തിലല്ലാതെ എയർബസ് എ321 വിമാനം പറന്നു. സഹപൈലറ്റ് അബോധാവസ്ഥയിലായെങ്കിലും വിമാനം ഓട്ടോപൈലറ്റ് മോ‍ഡിലേക്കു മാറിയിരുന്നു. ടേക്ക് ഓഫ് ചെയ്യുന്ന സമയത്തുതന്നെ  വിമാനം ഓട്ടോപൈലറ്റ് മോഡിലേക്ക് മാറുന്നതാണ് രീതി.

ശുചിമുറിയിൽനിന്നു തിരികെ വന്ന പൈലറ്റ് കോക്പിറ്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. തുടർന്ന് ക്രൂ അംഗങ്ങൾ സഹപൈലറ്റിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഒടുവിൽ, അടിയന്തിര ഘട്ടത്തിൽ വാതിൽ തുറക്കാൻ അനുവദിക്കുന്ന കോഡ് ടൈപ്പ് ചെയ്താണ് പൈലറ്റ് കോക്പിറ്റിലേക്കു പ്രവേശിച്ചത്. തുടർന്ന് വിമാനം മാഡ്രിഡിൽ അടിയന്തരമായി ലാന്റിങ് നടത്താൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ സഹപൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News