ഗുണ്ട പിങ്കു കൊലക്കേസ് പ്രതി കണ്ണൻ ഗുണ്ട ചാരായവുമായി പിടിയില്‍

ഉദിയൻകുളങ്ങര: സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന 7 ലിറ്റർ ചാരായവുമായി കുപ്രസിദ്ധ ഗുണ്ട പിടിയിൽ. ബാലരാമപുരം തലയിൽ ബില്ലിക്കുളം പാറക്കുഴി സെറ്റിൽമെൻറ് കോളനിയിൽ വിനീഷ് (29) എന്ന കണ്ണനാണ് പിടിയിലായത്.

കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റിന്റെ പ്രിവന്റീവ് ഓഫീസർ കെ ഷാജുവിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ ബാലരാമപുരം ആലുവിള വില്ലിക്കുളം ഭാഗത്ത് വെച്ച് നടത്തിയ വാഹനപരിശോധനയിലാണ് ഇയാൾ പിടിയിലായത്.

കുപ്രസിദ്ധ ഗുണ്ട പിങ്കു എന്ന അരുൺജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമാണ് വിനീഷ്. 2018ലെ പുതുവത്സര ആഘോഷത്തിനിടയിൽ നടന്ന അക്രമത്തിന്റെ തുടര്‍ച്ചായാണ് പിങ്കുവിനെ വെട്ടി കൊലപ്പെടുത്തിയത്.

നിരവധി ആക്രമണക്കേസുകളിൽ പ്രതിയായിരുന്നു പിങ്കു എന്ന അരുൺജിത്ത്. പാറക്കുഴി ഹരിജൻ കോളനിയിൽ ഒരു സംഘം യുവാക്കൾ ഉച്ചഭാഷിണിയിൽ പാട്ടിട്ട് നൃത്തം ചെയ്തതും ഇവർ തൊട്ടടുത്ത കോളനിയിൽ പോയി ഹാപ്പി ന്യൂ ഇയര്‍ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതുമാണ് പ്രശ്നത്തിന് കാരണമായത്. പ്രശ്നങ്ങൾക്കിടയിൽ പിങ്കു മറ്റൊരാളുടെ കൈ വെട്ടി.

എതിർവിഭാഗക്കാർ പിങ്കുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഈ കേസിലെ പ്രതിയാണ് വിനീഷ്.
പ്രതിയെ തിരുപുറം റേഞ്ച് ഓഫീസിന് കൈമാറി.പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ (ജി) പി ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ എം വിശാഖ്, കെആർ രജിത്, ഹരിപ്രസാദ്, അനീഷ്, വിജെ സുജിത്ത് എന്നിവർ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News