നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചത്.

കഴിഞ്ഞ ഫെബ്രുവരിയിലും മാര്‍ച്ചിലുമായിരുന്നു ജയശങ്കറിന് മുഖ്യമന്ത്രി കത്തയച്ചത്. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ് നല്‍കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ തന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വൈകാരികമായി അഭ്യര്‍ഥിച്ചിച്ചിരുന്നു. ഈ മാസം 16നാണ് നിമിഷയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ് ഇനി നിമിഷയ്ക്ക് മുന്നിലുള്ള ഏക വഴി.

അതിവേഗം ഇടപെടാൻ ഇന്ത്യൻ സർക്കാരിനോട് നിമിഷ അഭ്യർഥിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാൽ താൻ രക്ഷിക്കപ്പെടുമെന്ന് അവർക്ക് പ്രതീക്ഷയുണ്ടെന്നും സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ പ്രവർത്തകൻ ബാബു ജോൺ പറഞ്ഞു. നിമിഷയുടെ വ്യക്തിപരമായ വികാരങ്ങൾ പരസ്യമായി പുറത്തുവരുന്നത് അപൂർവമാണ്. ഇത് അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളിൽ നിർണായക നിമിഷമായി അടയാളപ്പെടുത്തുന്നു.

അതേസമയം, യെമനി ശരീഅത്ത് നിയമപ്രകാരം സാധുവായ ‘ബ്ലഡ് മണി’ (ദയാധനം) ആയി 10 ലക്ഷം ഡോളർ (ഏകദേശം 8.6 കോടി രൂപ) നൽകാമെന്ന് നിമിഷയുടെ കുടുംബം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബം ഈ വാഗ്ദാനം ഇതുവരെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല. 

എന്നാൽ സമയം അതിക്രമിക്കുകയാണ്. നിമിഷയുടെ കുടുംബത്തിനുവേണ്ടിയുള്ള പവർ ഓഫ് അറ്റോർണി ഹോൾഡറായ സാമുവൽ ജെറോം നിലവിൽ സനായിലുണ്ട്. ഞങ്ങളുടെ ഭാഗത്തുനിന്ന് അദ്ദേഹം ചർച്ചകൾക്ക് നേതൃത്വം നൽകുന്നുണ്ടെന്നും ബാബു ജോൺ പറഞ്ഞു. ചർച്ചകൾക്ക് മാസങ്ങളെടുത്തു. നിമിഷപ്രിയയെ രക്ഷിക്കാൻ 10 ലക്ഷം ഡോളറാണ് ഞങ്ങൾ വാഗ്ദാനം ചെയ്തത്. യെമനി കുടുംബം സമ്മതം അറിയിച്ചിട്ടില്ല, നിരസിച്ചിട്ടുമില്ല. കുടുംബം സമ്മതം അറിയിച്ചാൽ ഞങ്ങൾ ഉടൻ ഫണ്ട് സ്വരൂപിക്കും.


നിമിഷയുടെ ഭർത്താവ് ടോമി തോമസ് പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്. നിമിഷയുമായി താൻ പതിവായി ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളും വിദേശകാര്യ മന്ത്രാലയവും ഈ കേസിൽ സജീവമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു. തങ്ങൾ ഒരു നല്ല പ്രതികരണം പ്രതീക്ഷിക്കുന്നുവെന്നും ടോമി തോമസ് കൂട്ടിച്ചേർത്തു. ഞാൻ നിമിഷയുമായി ബന്ധപ്പെടുന്നുണ്ട്. അവർക്ക് ടെക്സ്റ്റ്, വോയ്സ് മെസ്സേജുകൾ അയക്കാൻ സാധിക്കുന്നു. ഇന്നലെ ഗവർണറെ കണ്ടു. അദ്ദേഹം വിഡിയോ കോൺഫറൻസിങ് വഴി നിമിഷയുടെ അമ്മയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും വിദേശകാര്യ മന്ത്രാലയവും ശ്രമങ്ങൾ നടത്തുന്നുണ്ട്. ഒരു നല്ല പ്രതികരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ അഭിഭാഷകൻ സാധ്യമായതെല്ലാം ചെയ്യുന്നു.


യെമനി നിയമപ്രകാരം വധശിക്ഷ വിധിക്കപ്പെട്ട ഒരാൾക്ക് അവസാന നിമിഷം പോലും കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മാപ്പ് നൽകാൻ സാധിക്കും. കൊലപാതക കേസുകളിൽ യെമനി നിയമം രണ്ട് ഫലങ്ങളാണ് അംഗീകരിക്കുന്നത്: ഖിസാസ് (കണ്ണിനു പകരം കണ്ണ്, അതായത് വധശിക്ഷ) അല്ലെങ്കിൽ ദിയ (നഷ്ടപരിഹാരം) വാങ്ങി മാപ്പ് നൽകുക. നിമിഷ ചെയ്തതിനോ ആരോപിക്കപ്പെട്ടതിനോ കുടുംബം മാപ്പ് നൽകണമെന്ന് ഞങ്ങൾ അഭ്യർഥിക്കുകയാണ്. പണമോടുകൂടിയോ അല്ലാതെയോ, ഞങ്ങൾ 10 ലക്ഷം ഡോളർ നൽകാൻ തയ്യാറാണ്. അതാണ് തങ്ങളുടെ വാഗ്ദാനമെന്ന് ബാബു ജോൺ കൂട്ടിച്ചേർത്തു.


37 വയസ്സുള്ള നിമിഷ കുടുംബത്തെ സഹായിക്കുന്നതിനായി 2008ൽ യെമനിലേക്ക് പോവുകയായിരുന്നു. അവിടെ ആശുപത്രികളിൽ ജോലി ചെയ്ത ശേഷം സ്വന്തമായി ക്ലിനിക്ക് ആരംഭിച്ചു. വിദേശ ബിസിനസ് ഉടമകൾക്ക് യെമനി പൗരന്മാരുമായി പങ്കാളിത്തം ആവശ്യമാണെന്ന പ്രാദേശിക നിയമമനുസരിച്ച് അവർ തലാൽ അബ്ദു മെഹ്ദി എന്നയാളുമായി പങ്കാളിയായി. എന്നാൽ, നിമിഷ നിരന്തരമായ പീഡനത്തിനും ഉപദ്രവത്തിനും ഇരയായെന്ന് റിപ്പേർട്ടുകൾ പറയുന്നു. മെഹ്ദി അവളുടെ പാസ്പോർട്ട് പിടിച്ചെടുക്കുകയും ചെയ്തു. 2017ൽ പാസ്പോർട്ട് തിരികെ വാങ്ങാനും രാജ്യം വിടാനും നിമിഷ മെഹ്ദിക്ക് ലഹരിമരുന്ന് കുത്തിവയ്ക്കുകയായിരുന്നു. എന്നാൽ മെഹ്ദി മരിക്കുകയും രാജ്യം വിടാൻ ശ്രമിക്കവേ നിമിഷ അറസ്റ്റിലാകുകയും ചെയ്തു.


നിമിഷ ജയിലിനുള്ളിൽ സഹതടവുകാർക്ക് വൈദ്യസഹായം നൽകി വരുന്നുണ്ട്. ജയിൽ അധികൃതരുടെ സഹായം കാരണം നിമിഷ ശക്തയും പ്രതീക്ഷയുള്ളവളുമായി തുടരുന്നുണ്ടെന്നും കുടുംബവുമായി പതിവായി ബന്ധപ്പെടുന്നുണ്ടെന്നും ബാബു ജോൺ പറഞ്ഞു. ഏകദേശം എല്ലാ ദിവസവും ജയിൽ അധികൃതരുടെ സഹായത്തോടെ നിമിഷയുമായി നേരിട്ടുള്ള ആശയവിനിമയം നടത്തുന്നുണ്ട്.  അവർ ജയിലിനുള്ളിൽ ഒരു ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ്. നിമിഷ രക്ഷിക്കപ്പെടുമെന്ന് ഞങ്ങളെല്ലാവരും, യെമനിലെ ജയിൽ അധികൃതർ പോലും പ്രതീക്ഷിക്കുന്നു.


വ്യാപകമായ ശ്രമങ്ങൾ നടത്തിയിട്ടും നിയമപരമായ എല്ലാ വഴികളും അടഞ്ഞു. യെമൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ 2023 നവംബറിൽ നിമിഷയുടെ ശിക്ഷ ശരിവയ്ക്കുകയും രാജ്യത്തെ പ്രസിഡന്റ് വധശിക്ഷ അംഗീകരിക്കുകയും ചെയ്തു. ഇന്ത്യയും ഹൂതി നിയന്ത്രിത സനായിലെ സർക്കാരുമായി ഔദ്യോഗിക നയതന്ത്ര ബന്ധമില്ലാത്തതിനാൽ നയതന്ത്ര ഇടപെടലുകൾ ബുദ്ധിമുട്ടായി മാറി. അവിടെ നടക്കുന്ന ആഭ്യന്തരയുദ്ധവും ഇന്ത്യക്ക് ഹൂതികളുമായി നയതന്ത്ര ബന്ധമില്ലാത്തതുമാണ് പ്രശ്നം.

എന്നാൽ ഇന്ത്യൻ സർക്കാരിന് അതിന്റെ സ്വാധീനം ഉപയോഗിക്കാൻ കഴിയുമെന്ന് നിമിഷ പ്രതീക്ഷിക്കുന്നു. ഇന്ത്യൻ സർക്കാർ ഹൂതി വിമത സർക്കാരിനോട് ആവശ്യപ്പെട്ടാൽ അത് നടക്കും.2020ൽ രൂപീകരിച്ച സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ നിമിഷയുടെ മോചനം ഉറപ്പാക്കാൻ ലോകത്തെങ്ങുമുള്ള സർക്കാരുകളുടെ പിന്തുണ ശ്രമിച്ചുകൊണ്ടിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News