തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എമ്മിനും എൽ ഡി എഫിനും നേരിട്ട കനത്ത പരാജയത്തിനുശേഷം ആളും ആരവങ്ങളും അകമ്പടിയുമില്ലാതെ പിണറായി വിജയൻ തിരുവനന്തപുരത്ത് എത്തി. കണ്ണൂരിൽ നിന്ന് ഇന്ന് രാവിലെ 11.20-ഓടെ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. മാദ്ധ്യമങ്ങൾക്ക് മുഖംകൊടുക്കാനോ അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനോ അദ്ദേഹം തയ്യാറായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അതൊന്നും കേട്ടതായിപ്പോലും നടിക്കാതെയാണ് കാറിലേക്ക് കയറിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. കൊടിവച്ച കാറിൽ വാഹനങ്ങളുടെ അകമ്പടിയോടെ ചീറിപ്പാഞ്ഞിരുന്ന അദ്ദേഹത്തിന് പാർട്ടി ഏർപ്പെടുത്തിയ കാറും പൊലീസ് നൽകുന്ന സാധാരണ എസ്കോർട്ടും മാത്രമാണ് ഉണ്ടായിരുന്നത്. വി ജോയി, വി ശിവൻകുട്ടി, എ എ റഹിം തുടങ്ങിയ സി പി എം നേതാക്കൾ പിണറായിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
വിമാനത്താവളത്തിൽ നിന്ന് ക്ളിഫ് ഹൗസിലേക്കാണ് അദ്ദേഹം പാേയത്. ഉടൻതന്നെ ക്ലിഫ് ഹൗസ് ഒഴിയും. തുടർന്ന് എകെജി സെന്ററിന് സമീപത്തുള്ള ചിന്ത ഫ്ളാറ്റിലായിരിക്കും കഴിയുക. ഇവിടെ പിബി അംഗങ്ങൾക്ക് താമസിക്കാൻ സൗകര്യമുള്ള 3A,3B എന്നീ ഫ്ലാറ്റുകൾ അദ്ദേഹത്തിനായി ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ സ്ഥാനമേൽക്കില്ല എന്നതിന്റെ സൂചനയായാണ് ഇതിനെ കാണുന്നത്.
പാർട്ടിയും മുന്നണിയും നേരിട്ട പരാജയത്തെക്കുറിച്ച് ഇന്ന് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായേക്കില്ല. നാളെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ്. അതിനുശേഷമാകും വാർത്താസമ്മേളനമുണ്ടാവുക. ധർമ്മടത്തുൾപ്പെടെയുണ്ടായ തിരിച്ചടിക്കുശേഷം കണ്ണൂരിലെ വീട്ടിൽ തുടർന്ന അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുള്ള കത്ത് പ്രത്യേക ദൂതൻ വഴിയാണ് ഗവർണർക്ക് സമർപ്പിച്ചത്.
2016 മേയ് മാസത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്. തുടർന്ന് ഒരു പതിറ്റാണ്ട് അദ്ദേഹം കേരളത്തെ നയിച്ചു. 2026 മേയിൽ അദ്ദേഹം പടിയിറങ്ങുന്നു. ദീർഘകാലം കേരളത്തിന്റെ മുഖ്യമന്ത്രി എന്ന ഖ്യാതിയോടെ. പാർട്ടിക്കേറ്റ കനത്ത തോൽവിയിൽ നേതൃത്വത്തിന് നേരെ കടുത്ത വിമർശനങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഉയരുന്നത്.
67 സീറ്റുകളുണ്ടായിരുന്ന സിപിഎമ്മിന് ഇത്തവണ വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങേണ്ടി വന്നത് അണികൾക്കിടയിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന തരത്തിലുള്ള വിമർശനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
English Summary
Following the LDF’s crushing defeat in the Kerala Assembly elections, Pinarayi Vijayan returned to Thiruvananthapuram from Kannur in a sombre mood. Arriving at 11:20 AM, he refused to address the media and bypassed his official vehicle and high-profile motorcade, opting for a party-provided car with minimal police escort. CPM leaders like V. Joy, V. Sivankutty, and A.A. Rahim received him at the airport. He is expected to submit his resignation to the Governor today, marking the end of a decade-long LDF rule as the UDF prepares to take over with 103


