KeralaNews

വിരട്ടല്‍ കൊണ്ട് വിറപ്പിക്കാന്‍ നോക്കണ്ട…ആ വ്യാമോഹം അങ്ങ് മനസ്സില്‍ വച്ചാല്‍ മതി, അത് തന്നെയാണ് ഇന്നലെയും ഇന്നും നാളെയും പറയാനുള്ളത്,കസ്റ്റംസിനും വി.മുരളീധരനും മറുപടിയുമായി മുഖ്യമന്ത്രി(വീഡിയോ കാണാം)

തിരുവനന്തപുരം:ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മന്ത്രിസഭയിലെ മൂന്ന് പേര്‍ക്കും പങ്കുണ്ടെന്നും സ്വപ്ന സുരേഷ് മൊഴി നല്‍കിയെന്ന് ഹൈക്കോടതിയില്‍ പ്രസ്താവന നല്‍കിയ കസ്റ്റംസിനും, മറ്റ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയും കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍ എന്നാണ് മുഖ്യമന്ത്രി പറയുന്നത്.

ഹൈക്കോടതി മുമ്പാകെ കസ്റ്റംസ് കമ്മീഷണര്‍ നല്‍കിയ പ്രസ്താവന എന്തടിസ്ഥാനത്തിലായിരുന്നു? കേസില്‍ എതിര്‍കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ ഇത്തരത്തില്‍ പ്രസ്താവന നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണ്. രാജ്യത്തെ ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാന്‍ ഏജന്‍സികള്‍ ഇറങ്ങിയിരിക്കുകയാണ്. പ്രതിയുടെ മാനസികചാഞ്ചല്യം ഉപയോഗപ്പെടുത്തി എന്തെങ്കിലും പറയിക്കുകയാണ്. അങ്ങനെ വല്ലതും പറഞ്ഞാല്‍ തെളിവ് കൂടി വേണം. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരെയും രൂക്ഷവിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ:

”തെരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ ഏറ്റെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ഏജന്‍സികള്‍. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം അവരുടെ ആക്രമണോത്സുകത കൂടി. ഇഡി കിഫ്ബിക്കെതിരെ നടത്തുന്ന നീക്കങ്ങളും കസ്റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയല്‍ ചെയ്ത പ്രസ്താവനയും ഇതിന് ഉദാഹരണമാണ്. മാതൃകാ വികസനബദല്‍ ഉയര്‍ത്തിയ കിഫ്ബിയെ കുഴിച്ചുമൂടാനാണ് കേന്ദ്ര ഏജന്‍സികള്‍ ഇറങ്ങിയിട്ടുള്ളത്. കസ്റ്റംസ് പ്രചാരണ പദ്ധതി നയിക്കുകയാണിപ്പോള്‍. കസ്റ്റംസ് കമ്മീഷണര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്താവന ഇതിനുദാഹരണമാണ്.

ക്രിമിനല്‍ നിയമം 160-ാം വകുപ്പ് പ്രകാരം പ്രതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴിയുടെ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് കസ്റ്റംസ് പ്രസ്താവന നല്‍കിയത്. കസ്റ്റംസ് കമ്മീഷണര്‍ ഇതില്‍ എതിര്‍കക്ഷി പോലുമല്ല. സ്വപ്നയും കസ്റ്റംസ് പ്രിവന്റീവ് ഓഫീസറുമാണ് എതിര്‍കക്ഷികള്‍. എതിര്‍കക്ഷി പോലുമല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ പ്രസ്താവന നല്‍കുന്നത് കേട്ടുകേള്‍വിയില്ലാത്തതായിരുന്നു. വിവിധ കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരുന്നു സ്വപ്ന സുരേഷ്. ഇവരോടൊന്നും പറയാത്ത കാര്യം സ്വപ്ന കസ്റ്റംസിനോട് പറഞ്ഞെങ്കില്‍ അതിന് കാരണമെന്ത്? കസ്റ്റംസും ഈ പ്രസ്താവന പ്രചരിപ്പിച്ചവരും ഇതിന് മറുപടി പറയണം.

164 പ്രകാരം മജിസ്‌ട്രേറ്റിന് മുമ്പാകെ നടത്തുന്ന പ്രസ്താവന സാധാരണ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമേ കിട്ടൂ. അന്വേഷണ ഏജന്‍സി പൊതുവേ ഒരു വ്യക്തി നടത്തിയ പ്രസ്താവന വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി തന്നെ പറഞ്ഞതാണ്. നിയമവശം ഇങ്ങനെയായിരിക്കെ കേസില്‍ കക്ഷിയല്ലാത്ത കസ്റ്റംസ് കമ്മീഷണര്‍ മന്ത്രിസഭയെ അപകീര്‍ത്തിപ്പെടുത്തുക എന്ന തെരഞ്ഞെടുപ്പ് ലക്ഷ്യത്തോടെയാണ് ഇറങ്ങിയിരിക്കുകയാണ്. ഇന്നലെ പ്രതിപക്ഷനേതാവ് പറഞ്ഞ ചോദ്യത്തിനുത്തരവും ഇതിലുണ്ട്. രാജ്യത്തെ ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാന്‍ ഏജന്‍സികള്‍ ഇറങ്ങിയിരിക്കുകയാണ്.

പ്രതിയുടെ മാനസികചാഞ്ചല്യം ഉപയോഗപ്പെടുത്തി എന്തെങ്കിലും പറയിക്കുകയാണ്. അങ്ങനെ പറഞ്ഞാല്‍ തെളിവുകള്‍ വേണമല്ലോ. ഇല്ലെങ്കില്‍ കേസ് പൊളിയും. തെളിവില്ലാതെ വല്ലതും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയപ്രസ്താവനയാണ് കസ്റ്റംസ് നടത്തിയിരിക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും നേട്ടമുണ്ടാക്കാനുള്ള വിടുവേലയാണ് ഏജന്‍സികള്‍ നടത്തുന്നത്.

2020 നവംബറില്‍ത്തന്നെ രഹസ്യമൊഴിയില്‍ എന്തെന്ന് കെ സുരേന്ദ്രനും നിമിഷങ്ങള്‍ക്കുള്ളില്‍ ഏറ്റുപിടിച്ച് പ്രതിപക്ഷനേതാവും പ്രസ്താവനയിറക്കിയിരുന്നു. അവര്‍ ഒരേ സ്വരത്തിലാണത് പറഞ്ഞു. അവര്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വന്നിരിക്കുകയാണ്. തെരഞ്ഞെടുപ്പല്ലേ. ആരോപണം വാരിവിതറി പുകപടലമുയര്‍ത്തി പൂഴിക്കടകന്‍ ഇഫക്ടുണ്ടാക്കാം എന്നാവും ഭാവം. തെളിഞ്ഞ അന്തരീക്ഷത്തില്‍ തെരഞ്ഞെടുപ്പ് നടക്കരുതെന്നും, ജനങ്ങളില്‍ വിഭ്രാന്തിയും ആശങ്കയുമുണ്ടാകണമെന്നും ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആഗ്രഹിക്കുന്നു. കസ്റ്റംസ് രീതികള്‍ തുടക്കം മുതല്‍ നമ്മള്‍ കണ്ടു.

കോണ്‍ഗ്രസ്, ബിജെപി കേരളതല സഖ്യം സ്വര്‍ണക്കടത്ത് ആഘോഷിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കസ്റ്റംസിനെ വിളിച്ചെന്നായിരുന്നു ആദ്യ ആരോപണം. അക്കാര്യം അന്നത്തെ കസ്റ്റംസ് ജോയിന്റ് കമ്മീഷണറോട് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഓര്‍മയില്ലേ? മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് സത്യസന്ധമായി പറഞ്ഞ ആ ഉദ്യോഗസ്ഥന്‍ എവിടെയുണ്ട്? നാഗ്പൂരിലേക്കാണ് നാടുകടത്തിയത്. കേസ് മുന്നോട്ട് പോകുമ്പോള്‍ അന്വേഷണരംഗത്തുണ്ടായിരുന്ന പത്ത് പേരെ ഒറ്റയടിക്ക് സ്ഥലം മാറ്റിയതെന്തിന്? ഒരു അസിസ്റ്റന്റ് കമ്മീഷണറെ ഉടന്‍ മാറ്റിയതെന്തിന്? അന്ന് തന്നെ അത് ചര്‍ച്ചയായില്ലേ? ഇതില്‍ കൃത്യം ചില കളികള്‍ നടക്കുകയാണ്. കണ്ണടച്ച് പാലു കുടിച്ചാല്‍ ആര്‍ക്കും മനസ്സിലാവില്ലെന്ന ചിന്ത പൂച്ചകള്‍ക്കേ ചേരൂ.

കേന്ദ്രവിദേശകാര്യവകുപ്പ് സഹമന്ത്രി ഇന്നും എന്തൊക്കെയോ പറയുന്നത് കേട്ടു. ഇദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വര്‍ണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുേേണ്ടാ? ഈ മന്ത്രി ചുമതലയില്‍ വന്ന ശേഷമല്ലേ നയതന്ത്രചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നത്? സ്വര്‍ണക്കടത്ത് നടന്നത് നയതന്ത്രബാഗേജ് വഴിയല്ല എന്ന് പ്രതിയെ പറയാന്‍ പ്രേരിപ്പിച്ച വ്യക്തിയുമായി ഇദ്ദേഹത്തിനുള്ള ബന്ധമെന്ത്? ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് വിദേശകാര്യവക്താവിനോട് ചോദിക്കാനല്ലേ സഹമന്ത്രി പറഞ്ഞത്? ആ സഹമന്ത്രി ഇപ്പോള്‍ വാളും ചുഴറ്റി ഇറങ്ങണ്ട.

ജനക്ഷേമം കണ്ട് മുന്നോട്ട് പോകുന്ന ഇടതിനെ ജനങ്ങള്‍ക്കിടയില്‍ ഇകഴ്ത്താന്‍ ഇത് മതിയാകില്ല. സര്‍ക്കാരിന്റെ യശസ്സിനെ ഇകഴ്ത്തുകയാണ് ഉദ്ദേശം. ഇടതുപക്ഷം ജനമനസ്സില്‍ പിടിച്ച സ്ഥാനം വലുതാണ്. ഞങ്ങള്‍ ജനങ്ങള്‍ക്കൊപ്പമാണ്. ആ വിശ്വാസം ജനങ്ങള്‍ക്കും ഞങ്ങള്‍ക്കുമുണ്ട്. ഈ വിരട്ടല്‍ കൊണ്ട് വിറപ്പിക്കാന്‍ നോക്കണ്ട. ആ വ്യാമോഹം അങ്ങ് മനസ്സില്‍ വച്ചാല്‍ മതി. അത് തന്നെയാണ് ഇന്നലെയും ഇന്നും നാളെയും പറയാനുള്ളത്”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button