കൊച്ചി : കൊട്ടാരക്കര സംഭവം ആവർത്തിക്കാതിരിക്കാനുള്ള ഒട്ടേറെ നടപടികൾ സർക്കാർ എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എടുത്ത നടപടികളിൽ നിർത്തില്ല. പരിശോധകളും കൂടിയാലോചനകളും തുടരും. അതിൽ നടപടികളും തുടരും. ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഡി വൈ എഫ് ഐയുടെ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ യുവാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിനുള്ള എതിർപ്പിൽ സർക്കാർ വഴങ്ങി കൊടുക്കില്ല. എ ഐ ക്യാമറ പദ്ധതി ഏതെങ്കിലും ഒരാളെ വിളിച്ച് ഏൽപ്പിച്ചതല്ല. ടെൻഡർ വിളിച്ച് കുറഞ്ഞ തുക രേഖപ്പെടുത്തിയവർക്കാണ് നൽകിയത്. കിട്ടാത്തവർ ചില്ലറക്കാരല്ല, അവരാണ് പരാതിക്കാർ.
രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഇപ്പോഴത്തെ കരാറുകാർക്ക് വിഹിതം ഓരോയിടത്തും കൊണ്ടുചെന്ന് കൊടുക്കേണ്ട അവസ്ഥയില്ല. ഇപ്പോൾ രാഷ്ട്രീയ വിരോധത്തിനപ്പുറം പുതിയ പുതിയ കഥകൾ തയ്യാറാക്കുന്നു.
നിർഭാഗ്യവശാൽ ഈ കഥകൾക്ക് വലിയ പ്രചാരണം കിട്ടുന്നു. ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയേ സർക്കാരിനുള്ളൂ. കുബുദ്ധികൾക്ക് മറുപടിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.