രേവന്ത് റെഡ്ഡി കേരളത്തെ അവഹേളിക്കുന്നു ; “ജനക്ഷേമം പഠിക്കാൻ കേരളത്തിലേക്ക് വരൂ”; മറുപടിയുമായി പിണറായി വിജയൻ

'മലയാളി 7 വർഷംവരെ അധികം ജീവിക്കുന്നു'; ജനക്ഷേമ മാതൃക പഠിക്കാൻ രേവന്ത്റെഡ്ഡി ഇങ്ങോട്ട് വരട്ടെ-പിണറായി

തിരുവനന്തപുരം: വികസനം കാണാൻ തന്നെ തെലങ്കാനയിലേക്ക് ക്ഷണിച്ച രേവന്ത് റെഡ്ഡിക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും പെൻഷനുകളും നിരന്തരം മുടങ്ങുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാൻ ഇല്ലെന്ന് പറഞ്ഞ പിണറായി വിജയൻ,

ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അറിയിച്ചു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വ്യാഴാഴ്ച കൊച്ചിയിൽ യു.ഡി.എഫിന്റെ പ്രകടനപത്രിക പ്രകാശനച്ചടങ്ങിൽ പ്രസംഗിക്കുമ്പോഴായിരുന്നു തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പിണറായി വിജയനെ തന്റെ സംസ്ഥാനത്തേക്ക് ക്ഷണിച്ചത്. ‘പിണറായി വിജയൻ, എന്റെ നാട്ടിലേക്ക് വരൂ, ഞാൻ വിമാനടിക്കറ്റ് അയച്ചുതരാം. തെലങ്കാനയിൽ വന്നാൽ താങ്കൾക്ക് അവിടെനടന്ന വികസനങ്ങൾ നേരിൽക്കാണാം…’ രേവന്ത് റെഡ്ഡി പറഞ്ഞു.

രേവന്ത് റെഡ്ഡി കേരളത്തിൽ വന്ന് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങൾക്കു മീതെ ബുൾഡോസർ കയറ്റിയിറക്കുന്നത് സൗകര്യപൂർവ്വം മറച്ചുവെച്ച്, സാമൂഹ്യപുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കാൻ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

കേരളത്തിൽ ‘അഴിമതിയും ഭരണപരാജയവുമാണ്’ എന്ന് വിലപിക്കുന്ന രേവന്ത് റെഡ്ഡി ചില ഔദ്യോഗിക കണക്കുകൾ പരിശോധിക്കാൻ തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി കണക്കുകളും ഫെയ്‌സ്ബുക്കിൽ നിരത്തി.

തെലങ്കാനയിൽ ശിശുമരണ നിരക്ക് ഏകദേശം നാലിരട്ടി കൂടുതലാണ് എന്നാണ് കണക്കുകളിൽ കാണുന്നതെന്നും ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ളതുകൊണ്ട് ഒരു മലയാളി ശരാശരി ഇന്ത്യക്കാരനേക്കാൾ 5 മുതൽ 7 വർഷം വരെ അധികം ജീവിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിൽ വന്ന് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവനകളാണ് നടത്തിയിരിക്കുന്നത്. സ്വന്തം നാട്ടിലെ പാവപ്പെട്ടവന്റെ കിടപ്പാടങ്ങൾക്കു മീതെ ബുൾഡോസർ കയറ്റിയിറക്കുന്നത് സൗകര്യപൂർവ്വം മറച്ചുവെച്ച്, സാമൂഹ്യപുരോഗതിയെക്കുറിച്ചും ജനക്ഷേമത്തെക്കുറിച്ചും കേരളത്തെ പഠിപ്പിക്കാൻ തയ്യാറാവുന്ന അദ്ദേഹത്തെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.

സുസ്ഥിരവും സർവ്വതലസ്പർശിയുമായ വികസനത്തിന്റെ വഴിയിലൂടെ കേരളം മുന്നേറുമ്പോൾ, അതിനെയാകെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരുടെ വക്കാലത്താണ് അദ്ദേഹം ഏറ്റെടുത്തിട്ടുള്ളത്

കേരളത്തിൽ ‘അഴിമതിയും ഭരണപരാജയവുമാണ്’ എന്ന് വിലപിക്കുന്ന അദ്ദേഹം ചില ഔദ്യോഗിക കണക്കുകൾ പരിശോധിക്കാൻ തയ്യാറാകണം. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം എന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ വന്നിട്ടില്ലേ?

-നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ (2023-24) 79 പോയിന്റോടെ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത് തലയുയർത്തി നിൽക്കുമ്പോൾ തെലങ്കാന ആറാം സ്ഥാനത്താണ്.

രണ്ട് സംസ്ഥാനങ്ങൾ തമ്മിൽ താരതമ്യം ചെയ്യുന്നത് അത്രതന്നെ നല്ല കാര്യമല്ല. എന്നാൽ സ്വന്തം ദൗർബല്യങ്ങൾ മറച്ചുവെച്ചാണ് രേവന്ത് റെഡ്ഢി കേരളത്തെയും കേരളീയരെയും അപഹസിക്കുന്നത്.

-നീതി ആയോഗിന്റെ തന്നെ കണക്കുപ്രകാരം കേരളത്തിലെ ദാരിദ്ര്യ നിരക്ക് 0.55% മാത്രമാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2025 അവസാനത്തോടെ അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തിനപ്പുറം കേവല ദാരിദ്ര്യം തുടച്ചുനീക്കാനുള്ള പദ്ധതികളാണ് എൽഡിഎഫ് പ്രകടനപത്രിയിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

തെലങ്കാനയിൽ ദാരിദ്ര്യം 5.88% ശതമാനമാണ്. എന്തേ, അതിദരിദ്രരായ മനുഷ്യരെ കൈപിടിച്ച് ഉയർത്തേണ്ട എന്ന് അവിടുത്തെ സർക്കാർ തീരുമാനിച്ചിട്ടുണ്ടോ?

-സാക്ഷരതാ നിരക്കിൽ 95.3% നേടി കേരളം ബഹുദൂരം മുന്നിട്ടുനിൽക്കുമ്പോൾ, തെലങ്കാനയുടെ നിരക്ക് ഇപ്പോഴും 76.9% മാത്രമാണ്.

കേരളത്തിൽ കോടാനുകോടികൾ ചെലവഴിച്ച് രാഷ്ട്രീയ പരസ്യം നൽകി ഇവിടെയുള്ള കോൺഗ്രസിന് വളഞ്ഞ വഴിയിൽ സഹായം നൽകുന്നതിന് പകരം സ്വന്തം നാട്ടിലെ അതിദാരിദ്ര്യം തുടച്ചു മാറ്റാനും സാക്ഷരതാ നിരക്ക് ഉയർത്താനും എന്തെങ്കിലും ചെയ്യാൻ അദ്ദേഹത്തിന് കഴിയില്ലേ?

-കേരളത്തിലെ ശിശുമരണ നിരക്ക് ആയിരത്തിന് 5 മാത്രമായി കുറഞ്ഞിരിക്കുകയാണ്. ലോകത്തെ വൻശക്തിയായ അമേരിക്കയിൽ പോലും ശിശുമരണ നിരക്ക് 5.6 ആണെന്നിരിക്കെയാണ് കേരളം ഈ നേട്ടം കൈവരിച്ചത്. അത് തെലങ്കാന മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകണം എന്നാണ് കരുതുന്നത്

തെലങ്കാനയിൽ ശിശുമരണ നിരക്ക് ഏകദേശം നാലിരട്ടി കൂടുതലാണ് എന്നാണ് കണക്കുകളിൽ കാണുന്നത്. ശക്തമായ ആരോഗ്യ സംവിധാനങ്ങളുള്ളതുകൊണ്ട് ഒരു മലയാളി ശരാശരി ഇന്ത്യക്കാരനേക്കാൾ 5 മുതൽ 7 വർഷം വരെ അധികം ജീവിക്കുന്നു.

2025 സെപ്റ്റംബർ 16-ന്, കേരളത്തിന്റെ അഭിമാന പദ്ധതിയായ ‘എന്റെ ഭൂമി’ ഡിജിറ്റൽ ഭൂമി രേഖാ സംവിധാനത്തെക്കുറിച്ച് പഠിക്കാനായി തെലങ്കാനയിൽ നിന്നുള്ള റവന്യൂ-സർവ്വേ ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘം തിരുവനന്തപുരത്തെത്തിയിരുന്നു. സ്വന്തം സർക്കാർ തന്നെ മാതൃകയാക്കാൻ ആഗ്രഹിക്കുന്ന കേരളത്തിന്റെ ഇടപെടലുകളെ അതേ സർക്കാരിന്റെ മുഖ്യമന്ത്രി തന്നെ അവഹേളിക്കുന്നത് എത്രമാത്രം രാഷ്ട്രീയ കാപട്യമാണ്?

കേരള സർക്കാരും കേന്ദ്ര സർക്കാരും തമ്മിൽ ഒത്തുകളിയാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയും വായ്പാ പരിധി വെട്ടിക്കുറച്ച് വികസനം മുടക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ ഒരക്ഷരം ഉരിയാടാൻ നട്ടെല്ലില്ലാത്ത കോൺഗ്രസാണ് ബി.ജെ.പിയുടെ യഥാർത്ഥ ബി-ടീമായി പ്രവർത്തിക്കുന്നത്. കേരളം കേന്ദ്ര അവഗണക്കെതിരെ അതിശക്തമായി ശബ്ദം ഉയർത്തുക മാത്രമല്ല പ്രത്യക്ഷമായി സമരത്തിനിറങ്ങുകയും ചെയ്തത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടില്ല എന്നാണോ മനസ്സിലാക്കേണ്ടത്? അതോ അന്ന് ആ സമരം അട്ടിമറിക്കാൻ ഇറങ്ങിയ സ്വന്തം പാർട്ടിയുടെ സമീപനത്തെ ഇപ്പോഴും ന്യായീകരിക്കുകയാണോ?

ശമ്പളവും പെൻഷനുകളും നിരന്തരം മുടങ്ങുന്ന ഒരു സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രിയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാൻ ഇല്ല ഒന്ന് വിനയപുരസരം അറിയിക്കട്ടെ.

ട്രഷറി അടഞ്ഞു കിടന്നിരുന്ന, ക്ഷേമ പെൻഷനുകൾ മാസങ്ങളോളം കുടിശ്ശികയാക്കിയിരുന്ന യുഡിഎഫ് ഭരണം പഴങ്കഥയാക്കിയ കേരളത്തിൽ നിന്നും രേവന്ത് റെഡ്ഡിക്കാണ് ഭരണനിർവ്വഹണത്തിന്റെ പാഠങ്ങൾ പഠിക്കാനുള്ളത്. ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ തെലങ്കാന മുഖ്യമന്ത്രിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

English Summary

Chief Minister Pinarayi Vijayan delivered a sharp rebuttal to Telangana CM Revanth Reddy’s invitation to witness Telangana’s development. Responding via Facebook, Vijayan stated that Kerala has nothing to learn from a government that struggles to pay salaries and pensions on time. He invited Reddy to Kerala instead, to study genuine models of social welfare and public interest. This comes after Revanth Reddy, during the UDF manifesto launch in Kochi, offered to send Vijayan flight tickets to visit Telangana. Vijayan criticized Reddy for insulting Kerala and pointed out the “bulldozer justice” allegedly being practiced against the poor in Telangana, suggesting that the Telangana CM is severely misinformed about social progress.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News