തിരുവനന്തപുരം:ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് ജനസംഖ്യ അനുപാതത്തില്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോൾ കിട്ടുന്ന വിഭാഗത്തിന് കുറവ് വരാതെ അതേസമയം മുഴുവനായും ജനസംഖ്യാപരമായി ആക്കുകയും ചെയ്തു. എല്ലാവർക്കും സന്തോഷം ഉള്ള കാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹൈക്കോടതി വിധി വിവേചന പരമായി വിതരണം ചെയ്യരുതെന്നായിരുന്നു. ഇപ്പോൾ കിട്ടുന്ന വിഭാഗത്തിന് കുറവ് വരാതെ അതേസമയം മുഴുവനായും ജനസംഖ്യാപരമായി ആക്കുകയും ചെയ്തു. എല്ലാവർക്കും സന്തോഷം ഉള്ള കാര്യമാണ്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവടക്കം എല്ലാവരും ആദ്യ ഘട്ടത്തിൽ അതിനെ സ്വാഗതം ചെയ്തു. ഒരു കുറവും ആര്‍ക്കും വരില്ല. ഇപ്പോൾ കിട്ടുന്നവർക്കെല്ലാം കിട്ടും.
മുസ്ലിം വിഭാഗത്തിന് സഹായം വേണമെന്നതിൽ ഞങ്ങള്‍ക്ക് തർക്കമില്ല. അതിൽ കുറവ് വരില്ല. ഹൈക്കോടതി ചൂണ്ടിക്കാണിച്ചത് ജനസംഖ്യാനുപാതികമായി അത് കൊടുക്കണമെന്നാണ്. ഒരു കൂട്ടർക്ക് കൊടുക്കുന്നതിൽ കുറവ് വരാതെ മറ്റൊരു കൂട്ടർക്ക് കൊടുക്കുന്നതിൽ പിന്നെ എന്തിനാണ് തർക്കം? അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പിന്തുണച്ചത്. പിന്നീട് അദ്ദേഹത്തെ കൊണ്ട് പിന്നീട് മുസ്ലിം ലീഗ് തിരുത്തിച്ചു. പറഞ്ഞത് മാറ്റിപ്പറഞ്ഞവരല്ല ഞങ്ങൾ. ഇവിടെ ഒരു കുറവും വരില്ല. പരാതിയുള്ള മറ്റൊരു കൂട്ടർക്ക് നൽകും.
സാമൂഹ്യ പിന്നോക്കാവസ്ഥ പരിഗണിച്ചുള്ളതാണ് സംവരണം. ഇത് ന്യൂനപക്ഷ വിഭാഗത്തിനുള്ള ആനുകൂല്യമാണ്. അതിൽ മുസ്ലിം വിഭാഗത്തിന് മാത്രമല്ല മറ്റ് ചില വിഭാഗങ്ങൾക്ക് കൂടി കൊടുത്തു. ആ കൊടുത്തതിൽ കുറവുണ്ടായെന്ന പരാതിക്കാണ് ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്.
വാദിച്ച് വാദിച്ച് സമൂഹത്തിന്റെ പ്രത്യേകത കളയരുത്. ഇത് അപകടകരമായ കാര്യമാണ്. കുട്ടികൾക്കുള്ള പഠന സഹായം നൽകുന്നതാണ്. മറ്റുള്ളവർ അത് പറയുമായിരിക്കും. നമ്മളത് പറയരുത്. തീ കോരിയിടുന്ന വർത്തമാനം പറയാതിരിക്കലാണ് നല്ലത് – മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.