തിരുവനന്തപുരം: കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫിലെടുക്കുന്നത് സംബന്ധിച്ച സാധ്യതകള്‍ തള്ളാതെ മുഖ്യമന്ത്രി പിണറായി വിജയനും. കേരള കോണ്‍ഗ്രസ് ജോസ് പക്ഷം കരുത്താര്‍ജിച്ചു, കേരള കോണ്‍ഗ്രസ് എം എന്നാല്‍ ഇപ്പോള്‍ ജോസ് പക്ഷമാണ്. എന്നാല്‍ കഴിഞ്ഞ രാജ്യ സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യാതെ മാറി നില്‍ക്കുക എന്നതിലപ്പുറം മറ്റൊരു നിലപാടും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എടുത്തിട്ടില്ല. അവരുടെ നിലപാടിനെ ആശ്രയിച്ചാണ് ബാക്കി കാര്യങ്ങള്‍ നില്‍ക്കുന്നതെന്ന് പിണറായി വിജയന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനമനുസരിച്ച് ജോസ് കെ മാണിക്കാണ് ചിഹ്നത്തിന്‍റെയും പാര്‍ട്ടിയുടെയും അവകാശം. ജോസ് പക്ഷമാണ് ഇപ്പോള്‍ കേരള കോണ്‍ഗ്രസ് എം. ജോസ് ശക്തി ആര്‍ജിച്ചു എന്ന് വേണം കരുതാനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പിജെ ജോസഫ് വിഭാഗം നിയമ പോരാട്ടം തുടരുമെന്നാണ് പറയുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്തിമ വിധി ജോസിന് അനുകൂലമാണ്. ജോസ് പക്ഷത്തെ യുഡിഎഫില്‍ നിന്നും പുറത്താക്കിയതാണ്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ട് ചെയ്യില്ലെന്ന് അവര്‍ തീരുമാനിച്ച് ഒഴിഞ്ഞ് നിന്നു. അതിന് അര്‍ത്ഥം യുഡിഎഫില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കുക എന്നാണ്. അത് യുഡിഎഫിന്‍റെ ശക്തി ദുര്‍ബലമാക്കുന്ന നിലപാടാമ്. അക്കാര്യം ഞങ്ങള്‍ സന്തോഷിക്കുന്ന കാര്യമാണ്. എല്‍ഡിഎഫ് പ്രവേശം സംബന്ധിച്ച് അവരുടെ നിലപാട് അനുസരിച്ച് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും. ഈ കാര്യത്തില്‍ നിലപാട് പറയാന്‍ താന്‍ അശക്തനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.