തിരുവനന്തപുരം: രാഷ്ട്രീയ വിയോജിപ്പുകൾ സ്വാഭാവികമാണെങ്കിലും വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമർശങ്ങളെ താൻ തള്ളിക്കളയുന്നുവെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് അയച്ച മറുപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന് ജനങ്ങളോട് ഉത്തരാവാദിത്തമുള്ളത് അഞ്ച് വർഷത്തിലൊരിക്കലല്ലെന്നും അത് തുടർച്ചയായ പ്രക്രിയയാണെന്നും അദ്ദേഹം പറഞ്ഞു. തെളിവുകളുടെ പിൻബലമില്ലാത്ത പ്രസ്താവനകളാണ് രേവന്ത് റെഡ്ഡി നടത്തുന്നതെന്നും സർക്കാരിന്റെ പുരോഗതി റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുള്ള കോൺഗ്രസ് ശ്രമത്തെ ചരിത്രപരമായ യാഥാർത്ഥ്യങ്ങൾ നിരത്തി മുഖ്യമന്ത്രി പ്രതിരോധിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകത്തിൽ തന്നെ ഭൂപ്രഭുത്വം അവസാനിപ്പിക്കാനായി ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത് ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ആർട്ടിക്കിൾ 356 ദുരുപയോഗം ചെയ്ത് ആ ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വികേന്ദ്രീകൃത ഭരണ സംവിധാനം 1993-ലെ ഭരണഘടനാ ഭേദഗതികൾക്കും പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ കേരളത്തിലെ ആദ്യ സർക്കാർ വിഭാവനം ചെയ്തതാണ്. 1980-കളിലെ സാക്ഷരതാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് എൽഡിഎഫ് സർക്കാരായിരുന്നു. 1996-ൽ നടപ്പിലാക്കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ സ്റ്റേറ്റ് പ്ലാനിന്റെ മൂന്നിലൊന്നിലധികം തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറിക്കൊണ്ട് ജനാധിപത്യ വികേന്ദ്രീകരണത്തിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ എൽഡിഎഫിന് സാധിച്ചു.
നവകേരള മിഷനുകളിലൂടെ നിരവധി മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ആർദ്രം മിഷനിലൂടെ 670-ലധികം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ആധുനിക കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റി. വിദ്യാഭ്യാസ മേഖലയിൽ 13,000 പൊതുവിദ്യാലയങ്ങൾ നവീകരിക്കുകയും 45,000 ക്ലാസ് മുറികൾ ഹൈടെക് ആക്കുകയും ചെയ്തു. ‘സമഗ്ര’ പോർട്ടലിലൂടെ 19,000 ഡിജിറ്റൽ പഠന വിഭവങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.
ദേശീയ സൂചികകൾ കോൺഗ്രസിന്റെ പൊള്ളയായ വാദങ്ങളെ പൊളിക്കുന്നതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിതി ആയോഗിന്റെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും എന്നാൽ തെലങ്കാന ഈ പട്ടികയിൽ ആറാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര വികസന സൂചികയിൽ 79 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ തെലങ്കാന ആറാം സ്ഥാനത്താണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കൂടാതെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് പരിഷ്കാരങ്ങളിൽ കേരളം ഒന്നാമതാണ്.
വിജ്ഞാന സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി 2026-ലെ ഐടി നയത്തിലൂടെ വലിയ കുതിച്ചുചാട്ടമാണ് കേരളം ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ ഐടി കയറ്റുമതിയുടെ പത്ത് ശതമാനം കേരളത്തിൽ നിന്നാക്കാനാണ് സർക്കാരിന്റെ ശ്രമം. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കും വേഗത്തിൽ വളരുന്ന 20,000 സ്റ്റാർട്ടപ്പുകളുടെ ശൃംഖലയും ഈ ഡിജിറ്റൽ കാഴ്ചപ്പാടിന് കരുത്ത് പകരുന്നവയാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
രാഷ്ട്രീയ ഇച്ഛാശക്തിയിലാണ് അടിസ്ഥാന സൗകര്യ വികസനം കെട്ടിപ്പടുക്കുന്നതെന്ന് കോൺഗ്രസിനെ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ദേശീയ പാത വികസനം, ഗെയ്‌ൽ പൈപ്പ് ലൈൻ, ഇടമൺ-കൊച്ചി പവർ ഹൈവേ എന്നിവ കോൺഗ്രസ് ഭരണകാലത്ത് പ്രായോഗികമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. കൊച്ചി മെട്രോയ്ക്കും വിഴിഞ്ഞം തുറമുഖത്തിനും കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന മുൻ കേന്ദ്ര സർക്കാരുകൾ വലിയ താമസം വരുത്തിയെന്നും എൽഡിഎഫ് സർക്കാർ ഇവ പുനരുജ്ജീവിപ്പിച്ച് നടപ്പിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക നീതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത റെക്കോർഡാണ് കേരളത്തിനുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു. 2025 നവംബർ ഒന്നിന് അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടു. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയിലൂടെ 64,006 കുടുംബങ്ങളെ കണ്ടെത്തുകയും അവകാശം അതിവേഗം, ഉജ്ജീവന പദ്ധതികളിലൂടെ ഓരോ കുടുംബത്തിനും ആവശ്യമായ പ്രത്യേക മൈക്രോ പ്ലാനുകൾ നൽകുകയും ചെയ്തുവെന്ന് അദ്ദേഹം വിവരിച്ചു.
ബിജെപിയെ കേരള സർക്കാർ വേണ്ടത്ര വിമർശിക്കുന്നില്ലെന്ന രേവന്ത് റെഡ്ഡിയുടെ ആരോപണത്തിനും മുഖ്യമന്ത്രി കൃത്യമായ മറുപടി നൽകി. സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ സുപ്രീം കോടതിയിൽ നിയമപോരാട്ടം നടത്തുന്നത് കേരളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 16-ാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട സംയുക്ത നീക്കങ്ങൾ ഉൾപ്പെടെ ബിജെപി ഇതര സംസ്ഥാനങ്ങളെ ഒരുമിച്ചുകൊണ്ടുവരാൻ കേരളം സജീവമായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികളെ വിമർശിക്കുന്നതിൽ എൽഡിഎഫ് യാതൊരു വിട്ടുവീഴ്ചയും കാണിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കേണ്ട ആവശ്യമില്ലെന്ന് അദ്ദേഹം രേവന്ത് റെഡ്ഡിയെ ഓർമ്മിപ്പിച്ചു. നവകേരളം സൃഷ്ടിച്ചുകൊണ്ട് മുന്നോട്ട് തന്നെ പോകുമെന്നും അത് എല്ലാവർക്കും ഒരു മാതൃകയാകുമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി തന്റെ മറുപടി അവസാനിപ്പിച്ചത്.
English Summary
Chief Minister Pinarayi Vijayan sent a formal reply to Telangana CM Revanth Reddy, rejecting his personalized attacks and emphasizing that political disagreements should remain civil. Vijayan asserted that the LDF government’s accountability to the people is a continuous process, not limited to election cycles, and challenged Reddy to review the government’s progress reports. Defending Kerala’s social achievements against Congress’s claims, Vijayan reminded Reddy that the first Communist ministry introduced land reforms to end landlordism, only to be dismissed by the then Congress-led central government through the misuse of Article 356. He accused the Congress of historically obstructing Kerala’s progress while now attempting to claim its benefits.


