തിരുവനന്തപുരം:കെഫോണും ഇ മൊബിലിറ്റിയും സര്ക്കാരിന്റെ അഭിമാന പദ്ധതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മലിനീകരണം കുറയ്ക്കാൻ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുകയാണ്. ഘട്ടം ഘട്ടമായി ഇലക്ട്രിക്ക് വാഹനങ്ങളിറക്കാൻ സമഗ്രമായ നയം ആവിഷ്കരിച്ചിട്ടുണ്ട്. 2025 നകം ആദ്യ ഘട്ടം പൂര്‍ത്തിയാക്കാനാണ് പദ്ധതി. 51-49% ഓഹരി പങ്കാളിത്തത്തില്‍ ഹെസുമായി ചേർന്ന് ബസുകൾ നിർമിക്കും.
നിയമപരമായ പരിശോധനകൾ ഇക്കാര്യത്തിൽ നടന്നുവരികയാണ്. ആവശ്യമായ 3000 ബസ്സുകൾ സംയുക്ത സംരംഭം വഴി നിര്‍മ്മിക്കാനാണ് പദ്ധതി ഒരുക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
അതേസമയം സുപ്രധാന പദ്ധതികളെ എങ്ങനെയൊക്കെ തുരങ്കം വക്കാമെന്നാണ് ഒരു കൂട്ടര്‍ ആലോചിക്കുന്നതെന്നും കെ ഫോൺ എന്ന പദ്ധതിയെ അടക്കം അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പദ്ധതി അട്ടിമിറിക്കാനായി അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നു. അത് ഏറ്റ് പിടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. ചില കേന്ദ്ര ഏജൻസികൾ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാനാകുമോ എന്ന് കൂടി ആലോചിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ വിവാദങ്ങൾക്ക് പുറകെ പോകാനൊന്നും ഇല്ല. ഏറ്റെടുത്ത ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നിന്ന് ഒരു ശക്തിക്കും പിന്തിരിപ്പിക്കാൻ കഴിയില്ല. ഇത് കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ജനങ്ങൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് ഇവ. നാടിന്‍റെ കുതിപ്പിന് അനുയോജ്യമായ പദ്ധതികളെ നാടുകടത്തി ഹീനമായ രാഷ്ട്രീയം കളിക്കുന്നവരോട് ഒരു കാര്യമേ പറയാനുള്ളു എന്തിനാണ് ഈ പദ്ധതികൾ, നാടിനെന്താണ് ഗുണം എന്ന് മനസിലാക്കാൻ തയ്യാറാകണം – കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.