തിരുവനന്തപുരം: റെയ്ഡിന് പിന്നാലെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ടിയുടെ ബാങ്ക് അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും റെയ്ഡിൽ ഇഡി പിടിച്ചെടുത്തിരുന്നു.
വീണയുടെ എക്സാലോജിക് സൊല്യൂഷൻസും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടു കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്, കണ്ണൂരിലെ വീട്, മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഇഡി പരിശോധന.
സിഎംആർഎൽ മാനേജ്മെന്റും വീണയും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് റെയ്ഡിന് പിന്നാലെ ഇഡി വ്യക്തമാക്കിയിരുന്നു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി തിരച്ചിൽ നടത്തിയത്.
കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സിഎംആർഎൽ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചിരുന്നു.


