തിരുവനന്തപുരം:ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ നാളെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സ്പീക്കര്‍ എഎന്‍ ഷംസീറും സന്ദര്‍ശിക്കും. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് കോടിയേരി ചികിത്സയില്‍ കഴിയുന്നത്.
ചെന്നൈ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫിന്‍ലാന്‍ഡ് യാത്ര മാറ്റിവച്ചു. ഇന്ന് രാത്രിയോടെ ഫിന്‍ലാന്‍ഡിലേക്ക് പോകാനിരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടാം തീയതി മുതല്‍ 12 വരെ ഫിന്‍ലാന്‍ഡ്, നോര്‍വേ, യുകെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം.
ആഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30-ാം തീയതി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോടിയേരിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അപ്പോളോ ആശുപത്രിയിലേക്ക് കോടിയേരിയെ കൊണ്ടുപോയത്. ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. വിദഗ്ധ ചികിത്സയിലൂടെ കോടിയേരി തിരിച്ചുവരുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ആഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്. തുടര്‍ന്ന് എംവി ഗോവിന്ദനെ പുതിയ സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.